ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ പോലിസ് നടപടിക്ക് സ്റ്റേയില്ല

കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുമായി അഡ്വക്കേറ്റ് ജനറലും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ചേമ്പറില്‍ ചര്‍ച്ച നടത്തുന്നുവെന്നാണ് ആരോപണം

Update: 2024-10-23 08:02 GMT

ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമാകമ്മിറ്റി റിപോര്‍ട്ടിലെ പോലിസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിച്ചില്ല. കേസില്‍ സംസ്ഥാനസര്‍ക്കാരിന് കോടതി നോട്ടിസ് അയച്ചു. കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് എതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

കേസിന്റെ വാദം കേള്‍ക്കലിനിടെ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോത്തഗി ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുമായി അഡ്വക്കേറ്റ് ജനറലും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ചേമ്പറില്‍ ചര്‍ച്ച നടത്തുന്നുവെന്നാണ് ആരോപണം. ഹരജികള്‍ ഹൈക്കോടതി പരിഗണിക്കുന്ന ദിവസങ്ങളില്‍ രാവിലെ അര മണിക്കൂറോളം ഈ കൂടിക്കാഴ്ചകള്‍ നീളുന്നതായും മുകുള്‍ റോത്തഗി ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ 40 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. അതിനാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നും മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. എന്നാല്‍ സ്‌റ്റേ ആവശ്യം അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Tags:    

Similar News