ദമസ്‌കസ്: തെക്കന്‍ സിറിയയിലെ ഇസ്രായേലി അധിനിവേശത്തിനെതിരേ പ്രതിഷേധിച്ച് ഗ്രാമീണര്‍. ദരാ പ്രദേശത്തെ യര്‍മൂകിലെ വിവിധ ഗ്രാമങ്ങളിലെ ജനങ്ങളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. പ്രദേശത്ത് നിന്ന് ഇസ്രായേലി സൈന്യം ഒഴിഞ്ഞുപോവണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഇസ്രായേലി സൈന്യം വെടിവച്ചു. ഇതില്‍ മാഹിര്‍ മുഹമ്മദ് അല്‍ ഹുസൈന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. തെക്കന്‍ സിറിയയിലെ ക്യുനെയ്ട്ര പ്രദേശത്തും ഇസ്രായേല്‍ സൈന്യം അധിനിവേശം നടത്തുന്നുണ്ട്.
സിറിയയിലെ പുതിയ സര്‍ക്കാര്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാത്തതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് ക്യൂനെയ്ട്ര പ്രദേശത്തെ ഗ്രാമത്തലവന്‍മാര്‍ സര്‍ക്കാരിന് നിവേദനം നല്‍കി. വടക്കന്‍ ക്യൂനെയ്ട്രയിലെ അല്‍ ഷഹര്‍ വനവും അല്‍ ഖസബ് നാച്ചര്‍ റിസര്‍വും പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ സൈന്യം ശ്രമിക്കുകയാണ്. കൂടാതെ തരഞ്ച, യുഫാനിയ പ്രദേശത്തേക്കും സൈനികര്‍ പോവുന്നുണ്ട്. ഹെര്‍മോണ്‍ മലയിലെ കൃഷികളും സൈന്യം നശിപ്പിച്ചിട്ടുണ്ട്. സയ്ദ നഗരത്തിലെ മൂന്നു ജലാശയങ്ങളുടെ നിയന്ത്രണവും ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തു.