പരിശീലനത്തിനിടെ അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് താലിബാന്‍ പൈലറ്റ് കൊല്ലപ്പെട്ടു
മറ്റൊരു താലിബാന്‍ അംഗം പകര്‍ത്തിയ 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ നിലത്ത് തകര്‍ന്നു വീഴുന്നതിന് മുമ്പ് അപകടകരമായി കറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.
കാബൂള്‍: പരിശീലനപ്പറക്കലിനിടെ അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് താലിബാന്‍ പൈലറ്റ് കൊല്ലപ്പെട്ടു.അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സംഭവം.
30 മില്യണ്‍ ഡോളര്‍ വിലവരുന്ന അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ നിയന്ത്രണംനഷ്ടപ്പെട്ട് വട്ടംകറങ്ങുകയും തുടര്‍ന്ന് നിലംപതിക്കുകയുമായിരുന്നു. അപകടത്തില്‍ പൈലറ്റും ക്രൂ അംഗവും കൊല്ലപ്പെട്ടതായി താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു താലിബാന്‍ അംഗം പകര്‍ത്തിയ 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ നിലത്ത് തകര്‍ന്നു വീഴുന്നതിന് മുമ്പ് അപകടകരമായി കറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.
നാല് ബ്ലേഡുള്ള, ഇരട്ട എഞ്ചിന്‍, മീഡിയം ലിഫ്റ്റ് യൂട്ടിലിറ്റി മിലിട്ടറി ഹെലികോപ്റ്ററാണ് തകര്‍ന്നത്.സാങ്കേതിക തകരാറാണ് അപകടംവരുത്തിയതെന്ന് സംഭവം സ്ഥിരീകരിച്ച താലിബാന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് കൂടി പരിക്കേറ്റതായി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ പുനര്‍നിര്‍മ്മാണത്തിനായുള്ള പ്രത്യേക ഇന്‍സ്‌പെക്ടറുടെ അഭിപ്രായ പ്രകാരം 2002നും 2017നും ഇടയില്‍ ആയുധങ്ങള്‍, വെടിമരുന്ന്, വാഹനങ്ങള്‍, രാത്രി കാഴ്ച ഉപകരണങ്ങള്‍, വിമാനങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 28 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങളും സേവനങ്ങളും അമേരിക്ക അഫ്ഗാന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍യുഎസ് പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍, ചില അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവരുടെ വിമാനങ്ങളുമായി അടുത്തുള്ള മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു.
യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന് മുമ്പ് 70ലധികം വിമാനങ്ങളും ഡസന്‍ കണക്കിന് കവചിത വാഹനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നശിപ്പിച്ചിരുന്നു. എന്നാല്‍, ഹെലികോപ്റ്ററും കവചിത വാഹനങ്ങളും ടാങ്കറും ഉള്‍പ്പെടെ നിരവധി സാമഗ്രികള്‍ സാങ്കേതിക വിദഗ്ധരുടേയും മുന്‍ സൈനികരുടേയും സഹായത്തോടെ താലിബാന്‍ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കി അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഡിഫന്‍സ് ഫോഴ്‌സിന്റെ (ANSDF) ഭാഗമാക്കി മാറ്റിയിരുന്നു.