വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രവും മെസേജും; കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍
കോയമ്പത്തൂര്‍ ജില്ലയിലെ പേരൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ അസോസിയേറ്റ് പ്രഫസര്‍ കെ തിരുനാവുകരസുവിനെയാണ് സസ്‌പെന്റ് ചെയ്തത്.
ചെന്നൈ: വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രവും സന്ദേശങ്ങളും അയച്ചതിനെ തുടര്‍ന്ന് കോളജ് അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കോയമ്പത്തൂര്‍ ജില്ലയിലെ പേരൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ അസോസിയേറ്റ് പ്രഫസര്‍ കെ തിരുനാവുകരസുവിനെയാണ് സസ്‌പെന്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോളജില്‍ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. വിശാഖ കമ്മിറ്റിയുടെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.പൂര്‍വ വിദ്യാര്‍ഥിയായ സതീഷ് കുമറാണ് പരാതി നല്‍കിയത്. പ്രഫസര്‍ കെ തിരുനാവുകരസു വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പ്രഫസറോട് വിശദീകരണം തേടിയിരുന്നു.എന്നാല്‍ അധ്യാപകന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപകനെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ അധ്യാപകനെ ഡിസ്മിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. അധ്യാപകന്‍ ഷര്‍ട്ട് ഇടാത്ത ചിത്രം ഉള്‍പ്പടെയാണ് പെണ്‍കുട്ടിക്ക് അയച്ചുനല്‍കിയത്. തുടര്‍ന്ന് അധ്യാപകനെതിരെ വിദ്യാര്‍ഥിനി കോളജ് അധികൃതരെ സമീപിക്കുകയായിരുന്നു. അതേസമയം, ഇരയില്‍നിന്നു ഒരു പരാതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പേരൂര്‍ പോലിസ് അറിയിച്ചു.