ദയവായി ഞങ്ങളുടെ മണ്ഡലത്തിലും പ്രചാരണത്തിന് വരൂ; മോദിയെ ട്രോളി ഡിഎംകെ സ്ഥാനാര്‍ഥികള്‍

കഴിഞ്ഞമാസവും ഡിഎംകെ നേതാക്കളുടെയും സഖ്യകക്ഷിയായ എംഡിഎംകെ നേതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഡിഎംകെയ്ക്ക് എതിരെ തെറ്റായ പ്രചരണം നടത്തുന്നതിനുള്ള ബിജെപിയുടെയും എഐഎഡിഎംകെയുടെയും ശ്രമമാണ് ഇതെന്നും ഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നത്.

Update: 2021-04-02 08:58 GMT

ചെന്നൈ: സ്റ്റാലിന്റെ മകളുടെ വീട്ടിലെ ആദായ നികുതി വകുപ്പ് റെയ്ഡിന് പിന്നാലെ മോദിയെ ട്രോളി ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍. ഡിഎംകെയുടെ വിജയമുറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചരണത്തിന് ക്ഷണിച്ചിരിക്കുകയാണ് ഡിഎംകെ സ്ഥാനാര്‍ഥികള്‍. പരിഹാസരൂപേണയാണ് ഡിഎംകെ സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ ട്വീറ്റ് ചെയ്തത്.

'പ്രിയപ്പെട്ട പ്രധാനമന്ത്രി ദയവായി എന്റെ മണ്ഡലത്തില്‍ പ്രചാരണത്തിന് വരൂ, ഈ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥി ഞാനാണ് . താങ്കളുടെ വരവ് എന്റെ ഭൂരിപക്ഷം കൂട്ടും, വിജയമുറപ്പിക്കും' എന്നാണ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ ട്വീറ്റ് ചെയ്തിരിക്കുന്നത്. മോദി എത്തി എതിര്‍ത്ത് പ്രചാരണം നടത്തിയാല്‍ തങ്ങളുടെ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്ന തരത്തിലാണ് ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ ട്വീറ്റുകള്‍.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ ചെന്നൈയ്ക്ക് സമീപത്തെ നീലാങ്കരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.

കഴിഞ്ഞമാസവും ഡിഎംകെ നേതാക്കളുടെയും സഖ്യകക്ഷിയായ എംഡിഎംകെ നേതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് റെയ്ഡ് എന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം. ഏപ്രില്‍ ആറിന് തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുകയാണ്. അതിനു മുന്‍പ് ഡിഎംകെയ്ക്ക് എതിരെ തെറ്റായ പ്രചരണം നടത്തുന്നതിനുള്ള ബിജെപിയുടെയും എഐഎഡിഎംകെയുടെയും ശ്രമമാണ് ഇതെന്നും ഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നത്.

Tags:    

Similar News