ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ നിയമ നിര്‍മാണം വേണം: മനുഷ്യാവകാശ സംഘടന
കൂലി ചോദിച്ചതിന്റെ പേരിലാണ് തന്റെ കെട്ടിയിട്ട് മര്‍ദിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കര്‍ശനമായി തടയുന്നതിന് ആവശ്യമായ നിയമ നിര്‍മാണം നടത്തണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള മനുഷ്യാവകാശ സംഘടന. സംസ്ഥാനത്ത് ജാതിയുടെ പേരിലുള്ള അധിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ആവശ്യം.
കഴിഞ്ഞ ദിവസങ്ങളില്‍ തഞ്ചാവൂരിലെ ദലിത് യുവാവ് ക്രൂരമായി ആക്രമിക്കപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദലിത് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം ക്രൂരമായി അപമാനിക്കുന്നതും അക്രമിക്കുന്നതുമാണ് പ്രചരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിക്കുകയും ആക്രമണത്തിന് ഇരയായ യുവാവുമായി സംസാരിക്കുകയും ചെയ്തു. തഞ്ചാവൂര്‍, കാവേരി ഡെല്‍റ്റകളില്‍ ജാതി വിരുദ്ധ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് സംഘം വിലയിരുത്തി. ഫ്യൂഡല്‍ പാരമ്പര്യം ശക്തമായ തഞ്ചാവൂര്‍ മേഖലയിലാണ് ജാതി വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത്.
തൊഴിലാളികളെ കെട്ടിയിട്ട് ആക്രമിക്കുന്നത് ഈ പ്രദേശങ്ങളില്‍ പതിവാണെന്ന് വസ്തുതാന്വേഷ സംഘത്തിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കതിര്‍ പറഞ്ഞു. അടുത്തിടെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് ശിവകുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു.
സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം തഞ്ചാവൂരിലുണ്ടായത്. തഞ്ചാവൂര്‍ ജില്ലയിലെ പൂണ്ടി സ്വദേശിയായ രാഹുല്‍(21) എന്ന യുവാവിനെയാണ് തൊഴിലുടമയുടെ നേതൃത്വത്തില്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പണം മോഷ്ടിച്ചു എന്നാരോപിച്ച് തൊഴിലുടമ വിക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. എന്നാല്‍, പ്രദേശത്തെ പോലിസ് സ്‌റ്റേഷനില്‍ മോഷഷ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് കതിര്‍ വ്യക്തമാക്കി. കൂലി ചോദിച്ചതിന്റെ പേരിലാണ് തന്റെ കെട്ടിയിട്ട് മര്‍ദിച്ചതെന്ന് രാഹുല്‍ പറഞ്ഞു.