തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് മികച്ച മുന്നേറ്റം; 26 സ്ഥാനാര്‍ഥികള്‍ വിജയിച്ചു
നാല് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആറ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാന്‍, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍, 130 വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പടെ 137 സീറ്റുകളിലാണ് തമിഴ്‌നാട്ടില്‍ എസ്ഡിപിഐക്ക് പ്രാതിനിധ്യമുള്ളത്.
ചെന്നൈ: തമിഴ്‌നാട്ടിലെ പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് മികച്ച മുന്നേറ്റം. പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളില്‍ ആറിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ആറ് ജില്ലകളിലായി 26 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലായ് മുബാറക് അറിയിച്ചു.
'പുതിയ ഒന്‍പത് ജില്ലകളില്‍ നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഒറ്റയ്ക്ക് നിന്ന് മല്‍സരിച്ച് 26 പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയിച്ചു. പല സ്ഥലങ്ങളിലും ഒറ്റ അക്ക വോട്ടുകള്‍ക്കാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ഭരണകക്ഷി ഉള്‍പ്പെടെയുള്ള പ്രധാന പാര്‍ട്ടികളും മുന്നണികളും പണം ഒഴുക്കിയും മറ്റു സ്വാധീനങ്ങള്‍ ചെലുത്തിയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇതിനിടേയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ മികച്ച മുന്നേറ്റം'. നെല്ലായ് മുബാറക്ക് പറഞ്ഞു.
തെങ്കാശി, തിരുനല്‍വേലി റൂറല്‍, തിരുനെല്‍വേലി, വില്ലുപുരം, വെല്ലൂര്‍, തിരുവാവൂര്‍ ജില്ലകളിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. തെങ്കാശി ജില്ലയില്‍ പാര്‍ട്ടിയുടെ 10 സ്ഥാനാര്‍ഥികളും തിരുനെല്‍വേലി റൂറല്‍ ജില്ലയില്‍ ആറ് സ്ഥാനാര്‍ഥികളും തിരുനെല്‍വേലിയില്‍ ഏഴ് സ്ഥാനാര്‍ഥികളും വിജയിച്ചു. വില്ലുപുരം, വെല്ലൂര്‍, തിരുവാവൂര്‍ ജില്ലകളില്‍ ഓരോ സ്ഥാനാര്‍ഥികളും വിജയിച്ചു.
ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ എണ്ണം 140 ആയി. നാല് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആറ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാന്‍, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍, 130 വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പടെ 137 സീറ്റുകളിലാണ് എസ്ഡിപിഐ ഇതുവരെ വിജയിച്ചത്.