ഗണേശോൽസവം; തമിഴ്നാട്ടിൽ മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടച്ചിടണമെന്ന് സര്‍ക്കുലര്‍
സെപ്തംബര്‍ രണ്ടുമുതല്‍ നാലുവരെ കാഞ്ചി ശങ്കരമഠത്തിന്റെ സമീപ പ്രദേശങ്ങളിലേയും സെങ്കഴു നിരോധായ് തെരുവുകളിലെയും ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടച്ചിടണമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം.
ചെന്നൈ: ഗണേശോൽസവത്തോടനുബന്ധിച്ച് മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടയ്ക്കണമെന്ന പോലിസ് സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു. തമിഴ്‌നാട് ജില്ലയിലെ കാഞ്ചിപുരം ജില്ലയിലാണ് പോലിസ് വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. ഗണേശോൽസവത്തിന്റെ ഭാഗമായി മൂന്ന് ദിവസം ഇറച്ചി കടകള്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദേശം.
സര്‍ക്കുലറിന്റ പകര്‍പ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സെപ്തംബര്‍ രണ്ടുമുതല്‍ നാലുവരെ കാഞ്ചി ശങ്കരമഠത്തിന്റെ സമീപ പ്രദേശങ്ങളിലേയും സെങ്കഴു നിരോധായ് തെരുവുകളിലെയും ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടച്ചിടണമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം.
സംസ്ഥാനത്ത് ഗണേശോൽസവ പരിപാടികള്‍ ആഗസ്ത് 31 മുതല്‍ ആരംഭിക്കുമെന്നും ഉൽസവത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ ഗണപതിയുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെ, തന്റെ അറിവ് ഇല്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇത്തരമൊരു നിയന്ത്രണങ്ങളൊന്നുമില്ലെന്നും ഇന്‍സ്‌പെക്ടര്‍ വിനായകം പറഞ്ഞു.