താനൂര്‍ കസ്റ്റഡി മരണം: രക്തക്കറ കണ്ടെത്തി; പോലിസ് ക്വാര്‍ട്ടേഴ്‌സ് സീല്‍ ചെയ്തു
മരണപ്പെട്ട താമിര്‍ ഹൃദ്രോഗിയായിരുന്നു. മര്‍ദ്ദനം മൂലം രോഗം മൂര്‍ച്ഛിച്ചു. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായി. ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നും ഇതില്‍ 19 എണ്ണം മരിക്കുന്നതിന് കുറച്ച് മുമ്പുള്ളതാണെന്നും രണ്ട് മുറിവുകള്‍ ആന്റി മോര്‍ട്ടത്തിന്റേതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന് ഇന്‍ക്വസ്റ്റ് പകര്‍പ്പ് പോലും പോലിസുകാര്‍ നല്‍കിയില്ലെന്നതും ദുരൂഹമണ്. ആമാശയത്തില്‍ നിന്ന് ലഭിച്ച രാസപദാര്‍ഥങ്ങള്‍ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇ്ക്കഴിഞ്ഞ ജൂലൈ 31ന് രാത്രി 11:25നും ആഗസ്ത് ഒന്നിന് പുലര്‍ച്ചെ 5.25നും ഇടയിലാവാം മരണപ്പെട്ടതെന്നാണ് റിപോര്‍ട്ടിലുള്ളത്. താമിറിന്റെ പുറംഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. കാലിന്റെ അടിഭാഗത്ത് ലാത്തികൊണ്ട് അടിച്ച പോലത്തെ പാടുണ്ട്. കാല്‍മുട്ടിനും കൈവിരലുകള്‍ക്ക് പരിക്കുണ്ട്. കൈമുട്ടിന് പരിക്കേറ്റിട്ടുണ്ട്. പോലിസ് അതിക്രൂരമായി മര്‍ദിച്ചെന്നാണ് അനുമാനിക്കുന്നത്. ചിത്രങ്ങള്‍ സഹിതം മുറിവുകള്‍ വിശദീകരിച്ചുള്ള 13 പേജ് റിപോര്‍ട്ടാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി കെ സി ബാബുവിന് കൈമാറിയിരിക്കുന്നത്. മുറിവുകളില്‍ പലതും ആഴമേറിയതാണ്. മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് മര്‍ദിച്ചു എന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. താമിര്‍ ജിഫ്രിയുടെ മരണസമയം പോലിസും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. സ്‌റ്റേഷനില്‍ കുഴഞ്ഞു വീണു എന്ന് പറയുന്ന സമയവും രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം സംഘം മൃതദേഹം കാണുമ്പോള്‍ വസ്ത്രമില്ലായിരുന്നു. പോലിസ് ഫയലില്‍ പറയുന്ന വസ്ത്രങ്ങള്‍ അവര്‍ കാണിച്ച് കൊടുത്തിരുന്നില്ല. ഇതെല്ലാം കസ്റ്റഡി കൊലപാതകമാണെന്ന സംശയം ഉയര്‍ത്തുന്നതാണ്. സംഭവത്തില്‍ അന്വേഷണവിധേയമായി എട്ട് പോലിസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. ചേളാരിയിലെ വാടക കെട്ടിടത്തില്‍ മറ്റൊരാളെ തിരഞ്ഞെത്തിയ പോലിസ് സംഘം ജിഫ്രിയടക്കമുള്ളവരെ എന്തിനാണ് താനൂരിലെത്തിച്ചത് എന്നതും ദുരൂഹതയുയര്‍ത്തുന്നുണ്ട്.