താനൂര്‍ കസ്റ്റഡി കൊല: മരണകാരണം മര്‍ദ്ദനം തന്നെയെന്ന് സ്ഥിരീകരണം

Update: 2023-09-13 09:32 GMT

മലപ്പുറം: താനൂരില്‍ ലഹരി വില്‍പ്പനക്കാരനെന്ന് ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ട സംഭവത്തില്‍ മരണകാരണം മര്‍ദ്ദനം തന്നെയെന്ന് സ്ഥിരീകരണം. താനൂരിലെ താമിര്‍ ജിഫ്രിയുടെ മരണത്തിനു കാരണം ഹൃദയത്തിനേറ്റ ആഘാതമാണെന്ന് ഹിസ്‌റ്റോപതോളജി റിപോര്‍ട്ടിലാണ് സ്ഥിരീകരിക്കപ്പെട്ടത്. ഹിസ്‌റ്റോപതോളജി റിപോര്‍ട്ടിന്റെയും കെമിക്കല്‍ അനാലിസിസ് റിപോര്‍ട്ടിന്റെയും കണ്ടെത്തലുകളെ അടിസ്ഥാനമാക്കി തിരൂര്‍ കോടതിയില്‍ സമര്‍പ്പിച്ച വിശദമായ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തേ, പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും മര്‍ദ്ദനം കാരണമാണ് മരണപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. താമിര്‍ ജിഫ്രിയുടെ ശരീരത്തിലെ മാരകമായ മുറിവുകളുടെ ചിത്രം ഉള്‍പ്പെടെ അടയാളപ്പെടുത്തിക്കൊണ്ടുള്ള 10 പേജുള്ള റിപോര്‍ട്ടാണ് കോടതിക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ നാലോളം പേജുകളില്‍ പോലിസ് മര്‍ദ്ദനം മൂലമുള്ള മുറിവുകളും പരിക്കുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ സെന്ററിലും മഞ്ചേരി പാത്തോളജി ലാബിലും പരിശോധനയ്ക്കായി സാംപിള്‍ അയച്ചിരുന്നു. ഹിറ്റോപതോളജി ലാബില്‍ നിന്നുള്ള പരിശോധനാ റിപോര്‍ട്ടിലാണ് മര്‍ദ്ദനം മരണത്തിലേക്ക് നയിച്ചതായി പറയുന്നത്. മര്‍ദ്ദനം ഹൃദയാഘാതത്തിലേക്ക് നയിച്ചു.

Tags:    

Similar News