താനൂര്‍ കസ്റ്റഡി കൊല: ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി എസ്‌ഐയുടെ വെളിപ്പെടുത്തല്‍

കസ്റ്റഡിയിലെടുത്തവരോട് എസ് ഐ കൃഷ്ണലാല്‍ അടിച്ചോ എന്ന് ചോദിക്കൂ. ഒരിക്കലും അവരുടെ ദേഹത്ത് പോലും തൊട്ടിട്ടില്ല. സത്യം ഞാന്‍ വെളിപ്പെടുത്തുന്നതോടെ തന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും എസ് ഐ കൃഷ്ണ ലാല്‍ വ്യക്തമാക്കി.

Update: 2023-08-17 11:03 GMT

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതകക്കേസില്‍ ഉന്നത ഉദ്യേഗസ്ഥരെ പ്രതിക്കൂട്ടിലാക്കി, കേസില്‍ സസ്‌പെന്റ് ചെയ്യപെട്ട എസ് ഐയുടെ വെളിപ്പെടുത്തല്‍. ലഹരിക്കടത്തുകാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തിലാണ് സസ്‌പെന്‍ഷനിലായ എസ് ഐ കൃഷ്ണ ലാലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. തന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്നതിനോടൊപ്പം മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിനെതിരേയാണ് വിരല്‍ചൂണ്ടുന്നത്. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എസ്പിയുടെ സംഘത്തിന്റെ കസ്റ്റഡി പീഢനത്തിലാണ് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടതെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍ വെളിപ്പെടുത്തുന്നത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ 12 അംഗസംഘത്തെ പിടികൂടുന്നത് എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്താന്‍ നിയമപരമായ അവകാശമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ പെടുകയായിരുന്നുവെന്നും എസ് ഐ കൃഷ്ണലാല്‍ വ്യക്തമാക്കുന്നുണ്ട്.

    നിലവില്‍ കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലാണ് എസ് ഐ കൃഷ്ണലാല്‍. യുവാക്കളില്‍ നിന്ന് എംഡിഎംഎ പിടിച്ചകൂടിയത് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും താന്‍ പിന്നീടാണ് അറിഞ്ഞതെന്നും എസ്‌ഐ പറഞ്ഞു. പ്രതികള്‍ 12 പേരെന്നാണ് ഡിവൈഎസ്പി വിളിച്ചുപറഞ്ഞത്. അത്രയും പോലിസുകാര്‍ സ്‌റ്റേഷനില്‍ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് സ്‌റ്റേഷനിലേക്ക് അയക്കുന്നതെന്ന് അറിയിച്ചു. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി. അഞ്ച് പ്രതികളെയും ഒരു കാറുമാണ് സ്‌റ്റേഷനില്‍ എത്തിച്ചത്. പുലര്‍ച്ചെ 1.40നാണ് പ്രതികളെ സ്‌റ്റേഷനില്‍ എത്തിച്ചത്. താമിര്‍ ജിഫ്രിയെ വിശ്രമമുറിയില്‍ കട്ടിലില്‍ കിടത്തി. നാല് പേരെ പരസ്പരം വിലങ്ങണിയിച്ചിരുന്നു. പെട്ടെന്ന് എഫ്‌ഐആര്‍ ഇടേണ്ടതിനാല്‍ മെഡിക്കല്‍ പരിശോധന നടത്തിയില്ല. എവിടെ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഡാന്‍സാഫ് വെളിപ്പെടുത്തിയില്ലെന്നും എസ്‌ഐ പറഞ്ഞു.

    തന്റെ സാന്നിധ്യത്തിലല്ല കസ്റ്റഡിയിലെടുത്തത്. അങ്ങനെയാണ് ചെയ്യേണ്ടത്. പിടിച്ചുവയ്ക്കാനേ അവര്‍ക്ക് അധികാരമുള്ളൂ. ഒരു എംഡിഎംഎ കേസ് ഡാന്‍സാഫ് പിടിച്ചാല്‍ അത് കൈയില്‍ വച്ച് എസ്‌ഐയെ വിളിച്ചുവരുത്തണം. എസ്‌ഐയ്‌ക്കോ മുകളില്‍ ഉള്ളവര്‍ക്കോ മാത്രമേ ഇത് പിടികൂടാനുള്ള അധികാരമുള്ളൂ. ഡാന്‍സാഫ് സംഘം പിടികൂടുന്നവരെ ക്വാട്ടേഴ്‌സില്‍ കൊണ്ടുവരാറുണ്ട്. സര്‍ക്കാര്‍ ഭൂമിയിലുള്ള പോലിസിന്റെ കെട്ടിടമാണിത്. കുടുംബങ്ങള്‍ക്ക് താമസിക്കാനൊന്നും കൊടുക്കാറില്ല. പോലിസ് പിടികൂടുന്ന ഒരുപാട് വണ്ടികള്‍ അവിടെ കൊണ്ടിട്ടിട്ടുണ്ട്. ഒരാളെ അതിനകത്ത് നിന്ന് അടിച്ചാല്‍ പുറത്താരും കേള്‍ക്കില്ല. ഡാന്‍സാഫ് ടീമാണ് ഇവിടെ താമസിക്കുന്നത്. അവര്‍ക്കാണ് ആ കെട്ടിടം കൊടുത്തിരിക്കുന്നത്. താമസം നിയമപരമാണോ എന്നൊന്നും അറിയില്ല. ഡാന്‍സാഫിലെ ആല്‍ബിന്‍ എന്ന ഉദ്യോഗസ്ഥന്‍ സ്ഥിരമായി അവിടെയാണ് താമസിക്കുന്നത് എന്നറിയാം. രക്തക്കറ കണ്ടതിനെ തുടര്‍ന്ന് സീല്‍ ചെയ്ത ക്വാര്‍ട്ടേഴ്‌സ് താനൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ തന്നെയാണുള്ളത്. എസ്എച്ച്ഒ ഷഹന്‍ഷാ ആണ് തടങ്കലില്‍ വച്ച കാര്യം ആദ്യം വിളിച്ച് പറയുന്നത്. പിന്നീട് താനൂര്‍ സ്‌റ്റേഷന്‍ ഐപിയായ സിഐ ജീവന്‍ ജോര്‍ജ് വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. 12 പേരെ പിടികൂടിയതായി അറിയിച്ചത് ഡിവൈഎസ്പി ബെന്നിയാണ്. അദ്ദേഹത്തോട് ഇത്രയും പേരെ ഉള്‍ക്കൊള്ളിക്കാന്‍ സ്‌റ്റേഷനില്‍ സൗകര്യമില്ലെന്ന് താന്‍ പറഞ്ഞു. ഈ രാത്രി 12 പേരെ കൊണ്ട് വന്നാല്‍ നേരം വെളുത്താലും തീരില്ല. നമ്മുടെ സമാധാനം കൈവിട്ട് പോവും എന്നും ഞാന്‍ പറഞ്ഞതായി എസ് ഐ വ്യക്തമാക്കി.

    പിന്നീട് ഐപി ജീവന്‍ ജോര്‍ജ് വിളിച്ച് ഡിവൈഎസ്പിയോട് പറഞ്ഞ് അഞ്ച് പേരായി ചുരുക്കിയെന്ന് അറിയിച്ചു. 'സാര്‍ എന്നോട് പറഞ്ഞത് അവര്‍ എനിക്ക് ഡിറ്റന്‍ഷന്‍ ചെയ്ത് തരും. എന്റെ താനൂര്‍ സ്‌റ്റേഷന്റെ അടുത്തുവച്ച് ഇത് പിടിച്ചെടുക്കും. അപ്പോള്‍ ഞാന്‍ ചെല്ലുക, കേസെടുക്കുക. പൊതുവേ ഡാന്‍സാഫ് ടീമുകാരുടെ നടപടി ക്രമങ്ങള്‍ പുറത്തറിയിക്കാറില്ല. നമുക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്ന് പറഞ്ഞ് നമ്മള്‍ എടുക്കും. ഡാന്‍സാഫ് ടീമിനെ കോടതിയില്‍ സാക്ഷിയാക്കിയാല്‍ കേസ് പൊളിക്കും. അതുകൊണ്ടാണ് കുടുതലും ഡാന്‍സാഫുകാരുടെ പേര് കാണിക്കാത്തത്. പിന്നെ അവരുടെ പേര് കാണിച്ചാല്‍ എസ്പി നമ്മളെ വഴക്കും പറയും'-കൃഷ്ണലാല്‍ പറഞ്ഞു.

    വൈകീട്ട് 7.14ന് താന്‍ ജിനേഷിനെ വിളിച്ചു. ഡിറ്റന്‍ഷന്‍ ചെയ്യാന്‍ പോകുന്നതേയുള്ളൂവെന്നാണ് ജിനേഷ് അറിയിച്ചത്. ഡാന്‍സാഫ് എവിടെ നിന്ന് പിടിച്ചുവെന്ന് അറിയില്ല, പറയാറില്ല, ചോദിക്കാറുമില്ല. സ്‌റ്റേഷന്‍ ലിമിറ്റില്‍ നിന്ന് പിടിക്കുന്നു എന്നാണ് വിശ്വാസം. ഡിറ്റന്‍ഷന് പോയെന്ന് മാത്രമേ അറിയൂ. എവിടെയാണ് പോയതെന്നോ എന്താണെന്നോ അറിയില്ല. അവര്‍ പിടിച്ച, ഡിവൈഎസ്പി പറയുന്ന സാധനങ്ങള്‍ തങ്ങള്‍ കാണാതെയാണ് കൊണ്ടുവന്നത്. ഇതിനിടയ്ക്ക് ജീവന്‍ ജോര്‍ജ് ക്വാട്ടേഴ്‌സില്‍ പോയി പ്രതികളെ കണ്ടിരുന്നു എന്ന കാര്യം താനറിഞ്ഞു. ഒരു ഓഫിസര്‍ ക്വാര്‍ട്ടേഴ്‌സില്‍ വന്ന് കണ്ടു എന്ന് താമിര്‍ ജിഫ്രിക്കൊപ്പമുള്ളവര്‍ പറഞ്ഞത് ഐപി ജീവന്‍ ജോര്‍ജിനെക്കുറിച്ചായിരിക്കാം. ഡാന്‍സാഫിലെ ജിനേഷ് പറഞ്ഞത് ജീവന്‍ ജോര്‍ജ് വന്ന് കണ്ടു എന്നാണെന്നും എസ് ഐ പറഞ്ഞു. മരണം സംഭവിച്ചതിന് ശേഷം ഐജി വന്നപ്പോള്‍ സിഐ, ഡിവൈ എസ്പി, എഎസ്പി എന്നിവരുടെ പേരുകള്‍ പറയരുതെന്ന് എസ്പി പറഞ്ഞതായും എസ് ഐ കൃഷ്ണ ലാലിന്റെ വെളിപ്പെടുത്തലിലുണ്ട്. ഒരു പാവം ചെക്കനെ ഇങ്ങനെ അടിച്ചുകൊന്നിട്ട് തന്റെ തലയില്‍ മാത്രം കെട്ടിവച്ച് മറ്റുള്ളവര്‍ രക്ഷപ്പെടുകയാണ്. കസ്റ്റഡിയിലെടുത്തവരോട് എസ് ഐ കൃഷ്ണലാല്‍ അടിച്ചോ എന്ന് ചോദിക്കൂ. ഒരിക്കലും അവരുടെ ദേഹത്ത് പോലും തൊട്ടിട്ടില്ല. സത്യം ഞാന്‍ വെളിപ്പെടുത്തുന്നതോടെ തന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും എസ് ഐ കൃഷ്ണ ലാല്‍ വ്യക്തമാക്കി.

Tags:    

Similar News