കുല്‍ഗാമില്‍ സിപിഎം നേതാവ് മുഹമ്മദ് തരിഗാമി മുന്നില്‍; ജമാഅത്ത് പിന്തുണയുള്ള സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്ത്

Update: 2024-10-08 05:48 GMT

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം നിയമസഭാ മണ്ഡലത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മുന്നില്‍. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ കൂടെയാണ് തരിഗാമി ഇത്തവണ മല്‍സരിക്കുന്നത്. കശ്മീര്‍ ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി സയ്യര്‍ അഹമദ് റെഷിയാണ് രണ്ടാം സ്ഥാനത്ത്. 1996 മുതല്‍ കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് തരിഗാമി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുന്നുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധത്തിലെ ശക്തനായ നേതാവാണ് തരിഗാമി. പ്രത്യേകപദവി നീക്കം ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ തരിഗാമിയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. പിന്നീട് സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹം മോചിതനായത്.

    എന്നാല്‍, ഇത്തവണ കടുത്ത മല്‍സരമാണ് തരിഗാമി നേരിടുന്നത്. കശ്മീര്‍ ജമാഅത്തെ ഇസ് ലാമിയുടെ പരമ്പരാഗത ശക്തികേന്ദ്രമാണ് കുല്‍ഗാം. മുസ് ലിം യുനൈറ്റഡ് ഫ്രണ്ട് എന്ന മുന്നണിയുടെ ഭാഗമായി 1987ലാണ് ജമാഅത്ത് അവസാനമായി കുല്‍ഗാമില്‍ മല്‍സരിച്ചത്. 1972ലെ തിരഞ്ഞെടുപ്പില്‍ ജമാഅത്ത് സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തിരുന്നു. ലഹരി മരുന്നുകള്‍ക്കെതിരായ പോരാട്ടം, ആപ്പിള്‍ കൃഷിയുടെ പുനരുദ്ധാരണം, കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരണം എന്നിവയാണ് റെഷിയുടെ ആവശ്യം.

Tags:    

Similar News