മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന തര്‍ക്കത്തിനിടെ കരാറുകാറുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

കേന്ദ്രഭരണമുള്ളതിനാല്‍ പ്രതിപക്ഷ കക്ഷികളെ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മഹാരാഷ്ട്രയിലും സമാനസംഭവങ്ങള്‍ അരങ്ങേറിയത്

Update: 2019-11-14 16:43 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതു സംബന്ധിച്ച് ബിജെപിയും ശിവസേനയും തമ്മിലെ തര്‍ക്കം രൂക്ഷമായ സമയത്ത് മുംബൈയിലെ കരാറുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതായി റിപോര്‍ട്ട്. ഇക്കഴിഞ്ഞ നവംബര്‍ ആറിനാണ് മുംബൈയിലെ സമ്പന്നരായ കരാറുകാര്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 30 കരാറുകാരുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ഏഴുപേരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതായാണ് ആദായ നികുതി വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബിജെപിയുമായുള്ള സഖ്യം ശിവസേന വിട്ടതിനു പിന്നാലെയാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ സിവില്‍ കരാറുകാര്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയത്. ചില കരാറുകാര്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നടത്തിയതിന്റെ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചതായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിര്‍ജീവമായ കമ്പനികളുടെ പേരിലാണ് കരാറുകാര്‍ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബാങ്ക് വായ്പകള്‍ ഒഴിവാക്കി സ്ഥാവര വസ്തുക്കളിലും ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലും നിക്ഷേപം നടത്തിയതായാണു ആദായനികുതി വകപ്പിന്റെ ആരോപണം.

    മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും മുഖ്യമന്ത്രി പദത്തെ ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടാവുകയും സര്‍ക്കാരുണ്ടാക്കാനാവാതെ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ശിവസേനയാവട്ടെ ബിജെപി സഖ്യം ഉപേക്ഷിക്കുകയും കേന്ദ്രമന്ത്രി സഭയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തതുള്‍പ്പെടെയുള്ള വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ നടക്കുന്നതിനിടെയാണ് റെയ്ഡ് നടന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രി പദം സംബന്ധിച്ച തര്‍ക്കമാണ് ബിജെപി-ശിവസേന സഖ്യം വഴിപിരിയാന്‍ കാരണമായത്. തുടര്‍ന്ന് ഈ ആഴ്ച ആദ്യം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

    ബ്രിഹന്‍ മുംബൈ കോര്‍പറേഷനില്‍ 227 അംഗമുള്ളതില്‍ ശിവസേനയ്ക്ക് 94 കൗണ്‍സിലര്‍മാരുണ്ട്. ബിജെപിക്ക് 82 പേരാണുള്ളത്. 2017 ലെ തിരഞ്ഞെടുപ്പില്‍ സ്വന്തമായി മല്‍സരിച്ച ഇരുപാര്‍ട്ടികളും പിന്നീട് എന്‍ഡിഎ ഘടകക്ഷിയെന്ന നിലയില്‍ ധാരണയിലെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ശിവസേന മേയര്‍ക്ക് ബിജെപി പിന്തുണ നല്‍കുകയായിരുന്നു. ഏതായാലും കേന്ദ്രഭരണമുള്ളതിനാല്‍ പ്രതിപക്ഷ കക്ഷികളെ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മഹാരാഷ്ട്രയിലും സമാനസംഭവങ്ങള്‍ അരങ്ങേറിയത് എന്നതും ശ്രദ്ധേയമാണ്.




Tags:    

Similar News