പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ആംബുലന്‍സിലെത്തിയ സംഘം പിടിയില്‍
സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം
വടകര: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ തിരുവനന്തപുരത്ത് നിന്ന് ആംബുലന്‍സിലെത്തിയ സംഘത്തെ വടകര പോലിസ് പിടികൂടി. ചൊവാഴ്ച്ച പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര, ചോറോട് മേഖലയില്‍ കറങ്ങുകയായിരുന്നു. രാവിലെ ചോറോട് മാങ്ങാട്ടുപാറ റൂട്ടില്‍ കുട്ടൂലിപാലത്തിനു സമീപത്തു നിന്ന് ആംബുലന്‍സ് കഴുകുന്നതുകണ്ട് സംശയിച്ച നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലിസെത്തി വാഹനം കസ്റ്റഡയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തതില്‍ അസ്വാഭാവികതയില്ലെന്നു പറഞ്ഞ് വിട്ടയച്ചു. പുത്തൂരിലെ ഒരു രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവാന്‍ വന്നതാണെന്നായിരുന്നു ഇവര്‍ പോലിസിനെ അറിയിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യാനൊന്നും പോലിസ് തയാറായില്ല.
സ്‌റ്റേഷനില്‍ നിന്നു സൂത്രത്തില്‍ രക്ഷപ്പെട്ട ഇവര്‍ നേരെ കുരിയാടി ഭാഗത്തേക്കാണ് പോയത്. ഇവിടെ പൂവാടന്‍ഗേറ്റിനു സമീപത്തെ റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തി കാര്യങ്ങള്‍ നീക്കുകയായിരുന്നു. ഇതിനിടയില്‍ ഇതുവഴിയെത്തിയ റവന്യു സംഘം ചോദിച്ചപ്പോള്‍ മറുപടിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പോലിസിനെ അറിയിച്ചു. പോലിസ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുരിയാടിയിലെ പെണ്‍കുട്ടിയെ തേടി എത്തിയതാണെന്ന മറുപടി ലഭിച്ചത്. ലോക്ക് ഡൗണായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് വടകരയ്ക്കു തിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പോലിസ് അന്വേഷണം നടത്തിവരികയാണ്. തട്ടിക്കൊണ്ടുപോവുന്നതിന് എത്തിയതിന് പരാതിയൊന്നും ഇല്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കേസെടുക്കാനാണ് പോലിസ് നീക്കം. സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം.