ഡിഎന്‍എ ഫലം പുറത്തുവന്നു; മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥ ശിശു സഹപാഠിയുടേത്

Update: 2024-12-20 14:42 GMT

പത്തനംതിട്ട: പനിബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് സഹപാഠി തന്നെയാണെന്ന് ഡിഎന്‍എ പരിശോധനാ ഫലം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ നവംബറില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടില്‍ ഒരുമിച്ച് സമയം ചെലവഴിച്ചെന്ന് ചോദ്യം ചെയ്യലിനിടെ അഖില്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. പരസ്പര സമ്മതത്തോടെയാണ് ബന്ധമെന്നും മൊഴി പറയുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ വയസ് പതിനെട്ടിന് താഴെയായതും അഖിലിന്റെ വയസ് പതിനെട്ടിന് മുകളില്‍ ആയതും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായി. 18 വയസ്സും ആറുമാസവുമാണ് അഖിലിന്റെ പ്രായം.

പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പോലീസിന്റെ നിലവിലെ നിഗമനം. ഇക്കാര്യം പെണ്‍കുട്ടി മറച്ചുവെച്ചതാണെന്നും പോലീസ് കരുതുന്നു. പെണ്‍കുട്ടി മരിച്ചതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഇനി ശാസ്ത്രീയ തെളിവുകളും പോക്‌സോ നിയമവും ഉപയോഗിച്ച് അഖിലിനെ വിചാരണ ചെയ്യും.

Similar News