തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ വെട്ടിക്കൊന്ന സംഭവം: ടിആര്‍എസ് നേതാവ് ഉള്‍പടെ മൂന്ന് പേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ ടിആര്‍എസ് നേതാവ് കുന്ത ശ്രീനിവാസ് ഉള്‍പടെ മൂന്ന് പേര്‍ അറസ്റ്റില്‍. തെലങ്കാന ഹൈകോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു, ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സര്‍കാരിനെതിരേ ഇവര്‍ കേസുകള്‍ നടത്തിയിരുന്നു. കാറില്‍ നിന്നും പിടിച്ചറക്കി നിറയെ വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈവേയില്‍ ഇട്ടായിരുന്നു കൊലപാതകം. അക്രമികള്‍ ഉപയോഗിച്ച കറുത്ത കാറും പോലിസ് പിടിച്ചെടുത്തു.
ടിആര്‍എസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിനു എതിരെ ദമ്പതികള്‍ തെലങ്കാന ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു.ഹൈദരാബാദില്‍ നിന്നും ജന്‍മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചുമറ്റൊരു കാറിലെത്തിയ സംഘം വാള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. 'കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കസ്റ്റഡി മരണങ്ങള്‍ ചോദ്യം ചെയ്തുള്ള അഭിഭാഷക ദമ്പതികളുടെ പൊതു താല്പര്യ ഹരജികള്‍ സര്‍കാരിന് കടുത്ത സമ്മര്‍ദ്ദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരില്‍ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമന്‍ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി.
പ്രതിയായ കുന്ത ശ്രീനിവാസിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ കൂടുതലും പൊതു സ്വത്ത് നശിപ്പിക്കല്‍, കൊള്ളയടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നിശബ്ദത ബധിരനാണെന്നും സിബിഐ അന്വേഷണത്തില്‍ മാത്രമേ സത്യം പുറത്തുവരുള്ളൂവെന്നും കോണ്‍ഗ്രസ് എംപി ഉത്തം കുമാര്‍ പറഞ്ഞു.