തെലങ്കാനയിലും കോണ്‍ഗ്രസ്സിന് തിരിച്ചടി; ജില്ലാ അധ്യക്ഷന്‍ രാജിവച്ച് ബിജെപിയിലേക്ക്

Update: 2022-11-16 02:20 GMT

ഹൈദരാബാദ്: ഗുജറാത്തിന് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസ്സിന് തലവേദനയായി കൂറുമാറ്റം. തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിര്‍മല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) അധ്യക്ഷനുമായ പവാര്‍ രാമറാവു പട്ടേലാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടിയിലെ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്നാണ് രാമറാവു പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത്. നവംബര്‍ 28ന് ബിജെപിയില്‍ ചേരുമെന്നാണ് റിപോര്‍ട്ടുകള്‍.

മുദോള്‍ മണ്ഡലത്തിലെ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് പാര്‍ട്ടി വിടുന്നതെന്നും ബിജെപിയില്‍ ഉടന്‍ ചേരുമെന്നും രാമറാവു മാധ്യമങ്ങളോട് പറഞ്ഞു. മുനുഗോഡ് ഉപതിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടത് തെലങ്കാന കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന മുനുഗോഡില്‍ ഇത്തവണ കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ടത് ആദിലാബാദ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിരുന്നു. തുടര്‍ന്ന് പല നേതാക്കളും സുരക്ഷിതമായ ഇടങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരുന്നു.

പവാര്‍ രാമറാവു ജില്ലയിലെ മുതിര്‍ന്ന നേതാവും സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള വ്യക്തിയുമായിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ മുദോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് മൂന്നാമതെത്തിയിരുന്നു. പിന്നീട് ഡിസിസി പ്രസിഡന്റായി. മുന്‍ നിര്‍മല്‍ എംഎല്‍എയും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ എ മഹേശ്വര് റെഡ്ഡിക്ക് ശേഷം നിര്‍മല്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗമായിരുന്നു പട്ടേല്‍.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ സിറ്റിങ് എംഎല്‍എമാരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പ്രതിസന്ധി നിലനില്‍ക്കെയാണ് തെലങ്കാനയിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

Tags:    

Similar News