അയോധ്യയിലെ പോലെ കാശിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കണം: വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി മന്ത്രി
അടിമത്വത്തിന്റെ ചിഹ്നങ്ങള്‍ മായിച്ചുകളഞ്ഞു. കാശി, മഥുര എന്നിവിടങ്ങളില്‍ രണ്ടെണ്ണം കൂടി മായിച്ചുകളയുന്നതിനായി അവശേഷിക്കുന്നു. അവിടെ പള്ളികള്‍ ക്ഷേത്രങ്ങള്‍ക്കായി വഴി മാറിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു: കാശിയേയും മഥുരയേയും 'മോചിപ്പിക്കുക' എന്നതിലാണ് അടുത്തതായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.അയോധ്യയില്‍ നടന്ന ഭൂമിപൂജയോടനുബന്ധിച്ച് ഷിമാഗോയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഗ്രാമവികസന മന്ത്രിയുടെ വിവാദ പ്രസ്താവന പുറത്തുവന്നത്.
അടിമത്വത്തിന്റെ ചിഹ്നങ്ങള്‍ മായിച്ചുകളഞ്ഞു. മായിച്ചുകളയുന്നതിനായി കാശി, മഥുര എന്നിവിടങ്ങളില്‍ രണ്ടെണ്ണം കൂടി അവശേഷിക്കുന്നു. അവിടെ പള്ളികള്‍ ക്ഷേത്രങ്ങള്‍ക്കായി വഴി മാറിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അടിമത്തത്തിന്റെ മറ്റ് അടയാളങ്ങള്‍ മായ്ച്ചുകളയാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ബിജെപിയുടെ കര്‍ണാടക യൂണിറ്റിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ മന്ത്രി പറഞ്ഞു. ഈശ്വരപ്പയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് ബി എല്‍ ശങ്കര്‍ വിസമ്മതിച്ചു. 'ഇത് ഒരു പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയുടെ ഔദ്യോഗിക നിലപാടാണോ അതോ ഈശ്വരപ്പയുടെ വ്യക്തിപരമായ നിലപാടാണോ എന്ന് തങ്ങള്‍ക്ക് അറിയില്ല. ഇക്കാര്യത്തില്‍ ബിജെപി ഒരു നിലപാട് സ്വീകരിച്ചാല്‍ മാത്രമേ തങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുകയുള്ളൂ.-ശങ്കര്‍ വ്യക്തമാക്കി.