വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി; 20 കാരി കസ്റ്റഡിയില്‍

കുട്ടി തന്റേതല്ലെന്ന് അറസ്റ്റിലായ 20കാരി പോലിസിനോട് പറഞ്ഞു. എന്നാല്‍, വൈദ്യ പരിശോധനയില്‍ തൊട്ടുമുന്‍പ് ഇവര്‍ പ്രസവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2022-01-04 15:43 GMT

പാരിസ്: വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മൗറീഷ്യസിലെ സര്‍ സീവൂസാഗര്‍ റാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിലാണ് ചോരയില്‍ കുളിച്ച ചോരക്കുഞ്ഞിനെ ചവറ്റുകുട്ടയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെന്നു സംശയിക്കുന്ന 20കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഡഗാസ്‌ക്കറില്‍ നിന്ന് എത്തിയ എയര്‍ മോറീഷ്യസ് വിമാനത്തിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പതിവ് പരിശോധന നടത്തുകയായിരുന്നു.

 ഇതിനിടയിലാണ് ടോയ്‌ലെറ്റില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ വച്ച ചവറ്റുകുട്ടയില്‍ കുഞ്ഞിനെ കണ്ടത്. കുട്ടിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടി തന്റേതല്ലെന്ന് അറസ്റ്റിലായ 20കാരി പോലിസിനോട് പറഞ്ഞു. എന്നാല്‍, വൈദ്യ പരിശോധനയില്‍ തൊട്ടുമുന്‍പ് ഇവര്‍ പ്രസവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ 20 കാരി ആശുപത്രിയില്‍ പോലിസ് നിരീക്ഷണത്തിലാണ്. മഡഗാസ്‌ക്കറുകാരിയായ യുവതി രണ്ടുവര്‍ഷത്തെ തൊഴില്‍ പെര്‍മിറ്റിലാണ് മൗറീഷ്യസിലെത്തിയത്. ആശുപത്രി വിട്ട ശേഷം കൂടുതല്‍ ചോദ്യം ചെയ്ത് കേസെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News