കുരിശുവരയ്ക്കുന്ന കാവി നിക്കറുകാരാണ് കാസ; കെസിബിസി ബൈബിള്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍
സംഘപരിവാറിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശം തുടരുന്ന പാലാ ബിഷപ്പിനേയും തലശേരി ബിഷപ്പിനേയും അനുകൂലിച്ചും അവരുടെ വാദങ്ങളും ഇതേ ഫേസ്ബുക്ക് കുറിപ്പ് വഴി അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചി: കാസ തീവ്രവാദ സംഘമാണെന്നും അവര്‍ക്ക് കത്തോലിക്കാ സഭയുടെ പിന്തുണയില്ലെന്നും കെസിബിസി ബൈബിള്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍. കുരിശുവരയ്ക്കുന്ന കാവി നിക്കറുകാരാണ് ഇവരെന്നും സിറോമലബാര്‍ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്ന ചിന്ത പൊതുബോധത്തില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത് ഇവരാണെന്നും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി കൂടിയായ ഫാ. ജോഷി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാ. ജോഷിയുടെ പ്രതികരണം. സേവ്യര്‍ വട്ടായിലച്ചന്‍ ആര്‍എസ്എസിന്റെ ബൗദ്ധികമാധ്യമ താരമായ ടി.ജി മോഹന്‍ദാസിന്റെ ഒരു വിഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ സെമിനാരിക്കാല സുഹൃത്തായ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞെന്ന് അദ്ദേഹം പ്രതികരിച്ചു.
സേവ്യര്‍ വട്ടായിലച്ചന്റെ അജ്ഞതയെ മുതലെടുത്ത, കുരിശു വരയ്ക്കുന്ന കാവി നിക്കറുകാര്‍ സീറോമലബാര്‍ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്നു ചിന്തിക്കാന്‍ ഇടയാക്കി. വെറുപ്പില്‍ സ്വയം വേരുറക്കുകയും ഹിന്ദുത്വ ശക്തികളോട് കൈകോര്‍ക്കുകയും ചെയ്തിരിക്കുന്ന ഒരു പ്രസ്ഥാനത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ അച്ചനെ ഇക്കൂട്ടര്‍ പ്രേരിപ്പിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തുവെന്നും ഫാ. ജോഷി ചൂണ്ടിക്കാട്ടി.
അതേസമയം, സംഘപരിവാറിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശം തുടരുന്ന പാലാ ബിഷപ്പിനേയും തലശേരി ബിഷപ്പിനേയും അനുകൂലിച്ചും അവരുടെ വാദങ്ങളും ഇതേ ഫേസ്ബുക്ക് കുറിപ്പ് വഴി അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങളില്‍ ചില ഇസ്‌ലാമിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ധീരമായ തുറന്നുപറച്ചിലുകള്‍ നടത്താന്‍, മറ്റു രണ്ടു കത്തോലിക്കാ വ്യക്തിഗത സഭകളും മടിച്ചുനിന്നപ്പോള്‍, സീറോമലബാര്‍ സഭയും മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പാംപ്ലാനി എന്നീ പിതാക്കന്മാരും തയ്യാറായത് അഭിനന്ദനാര്‍ഹമാണെന്നായിരുന്നു പ്രതികരണം.