തൊഴിലാളിയുടെ അപകട മരണം; കിറ്റെക്സ് എംഡി സാബുവിനെതിരായ കേസ് നിലനില്‍ക്കുമെന്ന് സുപ്രിംകോടതി

2014 മെയ് 24-ന് കിറ്റെക്‌സ് ഫാക്ടറിയില്‍ ഉണ്ടായ അപകടത്തിലാണ് പി ജെ അജീഷ് എന്ന തൊഴിലാളി മരിച്ചത്. അപകടമരണത്തെ തുടര്‍ന്ന്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയില്‍ മജിസ്ട്രേറ്റ് സാബുവിനെതിരെ കേസെടുത്തു.

Update: 2022-03-25 15:48 GMT

ന്യൂഡല്‍ഹി: തൊഴിലാളിയുടെ അപകടമരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. എന്നാല്‍ കിറ്റക്‌സിന്റെ ഫാക്ടറി നടത്തിപ്പിന്റെ ചുമതല തനിക്ക് അല്ലായിരുന്നുവെന്ന സാബുവിന്റെ വാദം പരിശോധിക്കേണ്ടത് വിചാരണ കോടതി ആണെന്ന് ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2014 മെയ് 24-ന് കിറ്റെക്‌സ് ഫാക്ടറിയില്‍ ഉണ്ടായ അപകടത്തിലാണ് പി ജെ അജീഷ് എന്ന തൊഴിലാളി മരിച്ചത്. അപകടമരണത്തെ തുടര്‍ന്ന്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയില്‍ മജിസ്ട്രേറ്റ് സാബുവിനെതിരെ കേസെടുത്തു. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്‌സ് എംഡി സുപ്രിംകോടതിയെ സമീപിച്ചത്.

മാനേജിങ് ഡയറക്‌റുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാല്‍ സാബുവിന് എതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. ഫാക്ടറിയുടെ നടത്തിപ്പിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. ആ ഉദ്യോഗസ്ഥന് എതിരേയായിരുന്നു കേസ് എടുക്കേണ്ടത് എന്നും ഹാരിസ് ആവശ്യപ്പെട്ടു.

കേസിന്റെ മെറിറ്റ് വിചാരണ കോടതിയാണ് പരിശോധിക്കേണ്ടത് എന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ഫാക്ടറി നടത്തിപ്പിനുള്ള ഉദ്യോഗസ്ഥര്‍ ആരായിരുന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി തീരുമാനം എടുക്കട്ടെ എന്ന് സുപ്രിംകോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു.

Similar News