നടുറോഡില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച ലീഗ് നേതാക്കള്‍ക്കെതിരേ കേസ്
മുസ്‌ലിം ലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷര്‍ റഫീഖ് പാറക്കല്‍, പരപ്പനങ്ങാടിയിലെ യൂത്ത് ലീഗ് നേതാവ് സിക്കന്തര്‍, തിരൂരങ്ങാടിയിലെ തന്നെ ഹക്ക് കഴുങ്ങും തോട്ടത്തില്‍ എന്നിവര്‍ക്കെതിരേയാണ് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലിസ് കേസെടുത്തത്.
പരപ്പനങ്ങാടി: തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചതിന് ലീഗ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു.
മുസ്‌ലിം ലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷര്‍ റഫീഖ് പാറക്കല്‍, പരപ്പനങ്ങാടിയിലെ യൂത്ത് ലീഗ് നേതാവ് സിക്കന്തര്‍, തിരൂരങ്ങാടിയിലെ തന്നെ ഹക്ക് കഴുങ്ങും തോട്ടത്തില്‍ എന്നിവര്‍ക്കെതിരേയാണ് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലിസ് കേസെടുത്തത്.
കഴിഞ്ഞ 16 നാണ് തേഞ്ഞിപ്പലം പാണമ്പ്രയില്‍വച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ പെണ്‍കുട്ടികളെ തിരൂരങ്ങാടിയിലെ മുതിര്‍ന്ന ലീഗ് നേതാവിന്റെ മകന്‍ തടഞ്ഞ് നിര്‍ത്തി പരസ്യമായി ആക്രമിച്ചത്.
ആക്രമത്തിനിരയായ പെണ്‍കുട്ടികള്‍ തേഞ്ഞിപ്പലം പോലിസില്‍ പരാതി നല്‍കിയെങ്കിലും നിസ്സാര വകുപ്പ് ചുമത്തി സ്‌റ്റേഷന്‍ ജാമ്യം നല്‍കിയ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വീണ്ടും പോലീസ് ഇന്നലെ മൊഴിയെടുത്ത് ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു.
ഇതിനിടെയിലാണ് ലീഗ് നേതാക്കള്‍ അക്രമത്തെ ന്യായികരിച്ചും പെണ്‍കുട്ടികളെ സഭ്യമല്ലാത്ത വാക്ക് ചാര്‍ത്തിയും സോഷ്യല്‍ മീഡിയകളില്‍ ആക്ഷേപിച്ച് പോസ്റ്റിട്ടത്.
അടിയേക്കാള്‍ വലിയ ആഘാതം കണക്കെയാണ് ലീഗ് നേതാക്കളുടെ വ്യക്തിഹത്യയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ പരപ്പനങ്ങാടി എസ്എച്ച്ഒ ഹണി കെ ദാസിന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയതും കേസ്സെടുത്തതും.