മന്ത്രിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പിടിയില്‍
ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രന്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ കൈതക്കാട് വാര്‍ഡ് മെംബറും യൂത്ത് ലീഗ് നേതാവുമായ കെ പി അനൂപ് കുമാര്‍, കെഎസ് യു മുന്‍ ഭാരവാഹി ചെറുവത്തൂര്‍ തുരുത്തിയിലെ പ്രിയദര്‍ശന്‍ എന്നിവരാണ് പിടിയിലായത്.
കണ്ണൂര്‍: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പഴ്‌സണല്‍ സ്റ്റാഫംഗമാണെന്ന വ്യാജേന കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രന്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ കൈതക്കാട് വാര്‍ഡ് മെംബറും യൂത്ത് ലീഗ് നേതാവുമായ കെ പി അനൂപ് കുമാര്‍, കെഎസ് യു മുന്‍ ഭാരവാഹി ചെറുവത്തൂര്‍ തുരുത്തിയിലെ പ്രിയദര്‍ശന്‍ എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ജോലിക്കു വേണ്ടി 17 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ അരലക്ഷം രൂപ അഡ്വാന്‍സും വാങ്ങിയിരുന്നു. വ്യവസായമന്ത്രി ഇ പി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. മാത്രമല്ല, കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന പലരും തങ്ങളുടെ സ്വാധീനത്തിലാണ് ജോലിക്ക് കയറിയതെന്നും ഇവര്‍ വിശ്വസിപ്പിച്ചിരുന്നു.
സംശയം തോന്നിയ യുവാവ് പോലിസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയതായി സംശയമുണ്ടെന്നും സംഘത്തില്‍ കൂടുതല്‍ പേരെ ഇനിയും പിടികൂടാനുണ്ടെന്നും പോലിസ് അറിയിച്ചു.