തൊഴില്‍ നഷ്ടപ്പെട്ട കുടുംബത്തിന് നാട്ടിലെത്താന്‍ ചെലവായത് മൂന്നുലക്ഷം രൂപ
ദുബയ്: തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ മലയാളി കുടുംബത്തിനു വിമാനയാത്രാ ടിക്കറ്റിനായി മാത്രം ചെലവായത് മൂന്നുലക്ഷം രൂപ. കുറ്റിയാടി ടൗണ്‍ സ്വദേശിയും ഇപ്പോള്‍ കോഴിക്കോട് എന്‍ഐടിയില്‍ ക്വാറന്റൈനില്‍ കഴിയുകയും ചെയ്യുന്ന കെ പി മുനീറുദ്ദീനാണ് 3 ലക്ഷം രൂപ യാത്രയ്ക്കായി മാത്രം ചെലവായത്. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിസ റദ്ദാക്കിയ ശേഷം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും കൊവിഡ് കാരണം യാത്ര റദ്ദാക്കുകയുമായിരുന്നു. പിന്നീട് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ആ വിമാനവും സര്‍വീസ് റദ്ദാക്കിയത് കാരണം അതിനായി ചെലവഴിച്ച് തുക അതേ വിമാന കമ്പനിയുടെ ഒഴിപ്പിക്കല്‍ വിമാനത്തിനായി 75,000 രൂപ കൂടി വീണ്ടും അടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
നാട്ടിലേക്ക് പോവാനായി ഇന്ത്യന്‍ എംബസി നല്‍കിയ വെബ്‌സൈറ്റ് വഴി കുടുംബം ഒരുമിച്ച് രജിസ്റ്റര്‍ ചെയ്തിട്ട് കുടുംബത്തെ ഒരുമിച്ചു കൊണ്ടുപോവുന്നതിനു പകരം വേറെ കൊണ്ടുപോവാനാണ് കോ-ഓഡിനേറ്റര്‍മാര്‍ നിര്‍ബന്ധിച്ചിരുന്നത്. ദുബയില്‍ കഴിയുന്ന മുനീറിനെ ഈ ആവശ്യത്തിനായി ഫുജൈറയില്‍ നിന്നു റാസല്‍ ഖൈമയില്‍ നിന്നുമാണ് ആദ്യം ബന്ധപ്പെട്ടിരുന്നത്. പിന്നീട് ദുബയില്‍ നിന്നു വിളിച്ചപ്പോള്‍ ഭാര്യയെ മാത്രം ഇപ്പോള്‍ കൊണ്ടുപോവുമെന്നാണ് പറഞ്ഞിരുന്നത്. നാട്ടിലേക്ക് പോവുന്നെങ്കില്‍ ഒരുമിച്ചായിരിക്കും എന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് മുനീറിനും കുടുംബത്തിനും ഒരുമിച്ച് നാട്ടിലേക്ക് യാത്ര പോവാന്‍ കഴിഞ്ഞത്.