യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ബിജെപിയില്‍ നിന്ന് രാജിവച്ച് ആദിവാസി നേതാവ്
ശുക്ലയുടെ വീട് അനധികൃത കൈയ്യേറ്റമെന്നാരോപിച്ച് ബുള്‍ഡോസര്‍ കൊണ്ട് സര്‍ക്കാര്‍ പൊളിച്ചിരുന്നു.
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസികളോടുള്ള പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ബിജെപി നേതാവ് രാജിവച്ചു.സംഭവം നടന്ന പ്രദേശമായ സിദ്ധി ജില്ലാ യൂണിറ്റ് ബിജെപി ജനറല്‍ സെക്രട്ടറി വിവേക് കോള്‍ ആണ് പാര്‍ട്ടി വിട്ടത്. ആദിവാസി യുവാവിന്റെ മുഖത്തേക്ക് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മയ്ക്ക് ഇമെയില്‍ അയച്ചതായി വിവേക് പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്നും പിന്‍വലിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും രാജി അന്തിമമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'എന്റെ രാജി അന്തിമമാണ്. രണ്ട് ദിവസം മുമ്പ് ഞാന്‍ അത് മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ വി.ഡി ശര്‍മ്മയ്ക്ക് ഇമെയില്‍ അയച്ചു. ബി.ജെ.പി ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഞാന്‍ അത് പോസ്റ്റും ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷമായി ജില്ലയിലെ ആദിവാസി ഭൂമി കയ്യേറ്റവും മറ്റ് അതിക്രമങ്ങളും ഉള്‍പ്പെടെയുള്ള ബിജെപി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ പ്രവൃത്തികളില്‍ വേദനയുണ്ടെന്ന് രാജിക്കത്തില്‍ വിമര്‍ശിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിനിധി ഗോത്രവര്‍ഗക്കാരന്റെ മേല്‍ മൂത്രമൊഴിച്ചിരിക്കുന്നു, ഇതെന്നെ വേദനിപ്പിച്ചു' വിവേക് കോള്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പ്രതിയായ ബിജെപി നേതാവ് പ്രവേശ് ശുക്ലയുടെ വീട് പുനര്‍നിര്‍മിക്കാന്‍ ബ്രാഹ്‌മണ സംഘടന പിരിവെടുത്ത് തുടങ്ങിയിരുന്നു. ശുക്ലയുടെ വീട് അനധികൃത കൈയ്യേറ്റമെന്നാരോപിച്ച് ബുള്‍ഡോസര്‍ കൊണ്ട് സര്‍ക്കാര്‍ പൊളിച്ചിരുന്നു.
പവേഷ് ശുക്ല എന്നയാള്‍ ഗോത്രവര്‍ഗക്കാരനായ ദഷ്മേഷ് റാവത്തിനെ മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തന്നെ ഇയാള്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, പ്രവേശ് ശുക്ല ഭാര്യയ്ക്കും മൂന്ന് വയസുള്ള മകള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന വീട് തകര്‍ത്ത ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധമെന്ന നിലക്കാണ് പുതിയ വീട് നിര്‍മ്മിക്കുന്നതെന്നാണ് ബ്രാഹ്‌മണ സഭയുടെ നിലപാട്. വീട് നിര്‍മിക്കാനായി പണം കണ്ടെത്താന്‍ പ്രവേശ് ശുക്ലയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പണം സംഭാവന ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും അഖില ഭാരതീയ ബ്രാഹ്‌മണ സമാജം സംസ്ഥാന അധ്യക്ഷന്‍ പുഷ്പേന്ദ്ര മിശ്ര പറയുന്നു.കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം പ്രവേശ് ശുക്ലയുടെ വീടിന്റെ ഒരുഭാഗം തകര്‍ത്തത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും ബ്രാഹ്‌മണ സഭ തീരുമാനിച്ചു.