വിമാനത്തില്‍ സഹയാത്രികയുടെ ശരീരത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര അറസ്റ്റില്‍
ബംഗളൂരു: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ശരീരത്തേക്ക് മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ അറസ്റ്റുചെയ്തു. ബംഗളൂരുവിലെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. സംഭവത്തില്‍ പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെയുള്ള എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് രാവിലെ ഡെപ്യൂട്ടി പോലിസ് കമ്മീഷണറുടെ ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നവംബര്‍ 26നാണ് സംഭവം നടന്നത്. വിമാനത്തിലെ ദുരനുഭവം വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.
യാത്രക്കാരന്റെ മോശം പെരുമാറ്റത്തിനെതിരേ അപ്പോള്‍തന്നെ പരാതിപ്പെട്ടിട്ടും എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. അതേസമയം, ശങ്കര്‍ മിശ്രയ്‌ക്കെതിരേ നടപടിയുമായി വെല്‍സ് ഫാര്‍ഗോയും ഗംഗത്തെത്തി. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. ഇദ്ദേഹത്തെ പുറത്താക്കിയതായി വെല്‍സ് ഫാര്‍ഗോ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വെല്‍സ് ഫാര്‍ഗോ ജീവനക്കാരില്‍നിന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, മിശ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ തങ്ങളെ അസ്വസ്ഥമാക്കുന്നു. ഇദ്ദേഹത്തെ വെല്‍സ് ഫാര്‍ഗോയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. പോലിസുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. കാലഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സാമ്പത്തിക സ്ഥാപനമാണ് വെല്‍സ് ഫാര്‍ഗോ. വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കര്‍ണാടക സ്വദേശിയായ 70 കാരിയായ സ്ത്രീയാണ് പരാതിക്കാരി. പരാതിക്ക് പിന്നാലെ എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയില്‍ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു.