വോട്ട് ചോര്‍ച്ച തടയാനാകാത്തതില്‍ മുസ്‌ലിംലീഗ് കുമ്പസരിക്കാന്‍ തുടങ്ങി: എസ്ഡിപിഐ
ഐഎന്‍എല്‍ നേതാക്കളായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട്, യു എ ബീരാന്‍ എന്നിവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി പുറത്താക്കിയ ലീഗ് നേതൃത്വം ഇരുവരുടെയും മരണശേഷം മുസ്‌ലിംലീഗില്‍ ചേര്‍ത്തതിനെക്കാള്‍ വലിയ രാഷ്ട്രീനെറികേട് രാഷ്ട്രീയകേരളം കണ്ടിട്ടുണ്ടാകില്ല.
മലപ്പുറം: സംഘപരിവാര്‍ വിരുദ്ധ ചേരിയെ ശക്തിപ്പെടുത്താന്‍ പുറപ്പെട്ട് പത്തിമടക്കി തിരിച്ചുവന്ന മുസ്‌ലിംലീഗിന്റെ നടപടിയില്‍ പ്രതിഷേധിച്ച മലപ്പുറം ജനതയുടെ ധീരത ബോധ്യപ്പെട്ട മുസ്‌ലിംലീഗ് കുമ്പസരിക്കാന്‍ തുടങ്ങിയെന്ന് എസ്ഡിപിഐ. ഇതിന്റെ തുടക്കമാണ് ലീഗ് നേതാക്കളുടെ ഫോട്ടോ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് എസ്ഡിപിഐക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെന്നും എസ്ഡിപിഐ മലപ്പുറം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ഇക്‌റാമുല്‍ഹഖ്, ജനറല്‍ കണ്‍വീനര്‍ മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ഐഎന്‍എല്‍ നേതാക്കളായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട്, യു എ ബീരാന്‍ എന്നിവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി പുറത്താക്കിയ ലീഗ് നേതൃത്വം ഇരുവരുടെയും മരണശേഷം മുസ്‌ലിംലീഗില്‍ ചേര്‍ത്തതിനെക്കാള്‍ വലിയ രാഷ്ട്രീനെറികേട് രാഷ്ട്രീയകേരളം കണ്ടിട്ടുണ്ടാകില്ല. അധികാരസ്ഥാനങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി നേതാക്കളെയും അണികളെയും ആദര്‍ശത്തെയും തള്ളിപ്പറയുകയും പുറത്താക്കുകയും ചെയ്യുന്ന മുസ്‌ലിംലീഗ് മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നിലയില്ലാക്കയത്തിലായിരുന്നു. തന്നിഷ്ടപ്രകാരം പാര്‍ട്ടി നിലപാടുകള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരെ നിലക്കുനിര്‍ത്താന്‍ സാധിക്കാതെ ജീര്‍ണിച്ച നേതൃത്വത്തിനു മുമ്പില്‍ തലകുനിച്ച് റാന്‍മൂളികളായി കഴിയുന്ന അണികളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്ന് ഇനിയെങ്കിലും മുസ്‌ലിംലീഗ് നേതൃത്വം മനസ്സിലാക്കണം.
ഇന്ത്യയിലെ മുസ്‌ലിം, ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും ചര്‍ച്ച ചെയ്യാനാകാതെ ഷണ്ഡീകരിക്കപ്പെട്ട നേതൃത്വം തങ്ങളുടെ സ്ഥാനമാനങ്ങളും സമ്പാദ്യവും നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ സംഘപരിവാര വിധേയരായി കഴിയുന്ന രാഷ്ട്രീയ പാപ്പരത്തം ചോദ്യം ചെയ്യുന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. മുസ്‌ലിംസമുദായത്തിന്റെ ഏകജാലക രാഷ്ട്രീയസംവിധാനമായി സ്വയം വിശേഷിപ്പിച്ച് സായൂജ്യമടഞ്ഞിരുന്ന ലീഗിന് ജനകീയബദലിന്റെ കരുത്ത് മെയ് രണ്ടോടെ ബോധ്യപ്പെടുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.