പതിനൊന്നു വര്‍ഷം മുമ്പ് പോലിസ് പിടിച്ചെടുത്ത ദേശീയ പതാകയും കൊടിയും ഭദ്രമായി തിരിച്ചേല്‍പ്പിച്ചു; കോടതി ജീവനക്കാരനെ അഭിനന്ദിച്ച് നാസറുദ്ദീന്‍ എളമരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്

പോപുലര്‍ ഫ്രണ്ട് നേതൃത്വവും പ്രവര്‍ത്തകരും പ്രതിചേര്‍ക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം, കുറ്റവിമുക്തരാക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കില്ലെന്നത് കൊണ്ടാണ് പൊതുജന അറിവിലേക്കായി ഇങ്ങനെയൊരു കുറിപ്പ് ഇടന്നതെന്നു നാസറുദ്ദീന്‍ എളമരം സൂചിപ്പിക്കുന്നു

Update: 2022-01-01 12:21 GMT

കോഴിക്കോട്: പതിനൊന്നു വര്‍ഷം മുമ്പ് പോലിസ് പിടിച്ചെടുത്തു കൊണ്ടുപോയ ദേശീയ പതാകയും പോപുലര്‍ ഫ്രണ്ടിന്റെ കൊടിയും കേടുവരുത്താതെ ഭദ്രമായി തിരിച്ചേല്‍പ്പിച്ച കോടതി ജീവനക്കാരെ അഭിനന്ദിച്ച് പോപുലര്‍ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കോഴിക്കോടുള്ള സംഘടനയുടെ ഓഫിസ് റെയ്ഡ് ചെയ്തപ്പോഴാണ് പോലിസ് സംഘടനയുടെ കൊടിയും അതിനോടൊപ്പമുണ്ടായിരുന്ന ദേശീയ പതാകയും എടുത്തു കൊണ്ടുപോയിരുന്നത്. 2010 ജൂലൈ 13നായിരുന്നു പോലിസ് റെയ്ഡ്. പോപുലര്‍ ഫ്രണ്ട് നേതൃത്വവും പ്രവര്‍ത്തകരും പ്രതിചേര്‍ക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം, കുറ്റവിമുക്തരാക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കില്ലെന്നത് കൊണ്ടാണ് പൊതുജന അറിവിലേക്കായി ഇങ്ങനെയൊരു കുറിപ്പ് ഇടന്നതെന്നു നാസറുദ്ദീന്‍ എളമരം പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

നാസറുദ്ദീന്‍ എളമരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-

കഴിഞ്ഞ ദിവസം (ഡിസംബര്‍ 29 ന് ) കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് 2010ല്‍ യൂണിറ്റ് ഹൗസില്‍ നിന്ന് പോലിസ് എടുത്തുകൊണ്ടുപോയ ദേശീയ പതാകയും പോപുലര്‍ ഫ്രണ്ട് പതാകയും വൃത്തിയായി കൈപറ്റി. പതിനൊന്നു വര്‍ഷവും അഞ്ചുമാസവും കഴിഞ്ഞ് പതാകകള്‍ കൈപറ്റുമ്പോള്‍ ഒരുവിധ കേടുപാട് ഇല്ലാതെ തിരിച്ചു ലഭിച്ചു എന്നത് ഏറെ ആഹ്ലാദകരമാണ്. അത് സൂക്ഷിച്ചുവെച്ച കോടതി ജീവനക്കാരെ അഭിനന്ദിക്കാതെ വയ്യ. 2010 ജൂലൈ 13ന് ഉച്ചക്ക് 12 മണിയോടെയാണ് വന്‍ പോലിസ് സംഘം കോഴിക്കോട് രാജാജി റോഡിലെ യൂണിറ്റി ഹൗസില്‍ റെയ്ഡ് നടത്താന്‍ എത്തുന്നത്. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം നടത്തിയ ഭീകര പോപുലര്‍ ഫ്രണ്ട് വേട്ടയുടെ കാലത്തായിരുന്നു സംസ്ഥാന ആസ്ഥാനവും റെയ്ഡ് ചെയ്തത്. കേരളം മുഴുവന്‍ ഒട്ടിച്ച പോസ്റ്ററുകളുടെ കോപ്പിയും വിതരണം ചെയ്ത നോട്ടീസുകളുമായിരുന്നു പ്രധാനമായും അന്ന് പോലിസ് എടുത്തു കൊണ്ടുപോയത്. പ്രസിഡന്റിന്റെ റൂമില്‍ വെച്ചിരുന്ന ദേശീയ പതാകയും സംഘടനാ പതാകയും കൂട്ടത്തില്‍ എടുത്ത് കൊണ്ട്‌പോയി. ദേശീയ പതാകയെ അപമാനിച്ചു എന്ന പേരില്‍ സംസ്ഥാന പ്രസിഡണ്ടിന്റെയും ഓഫിസ് സെക്രട്ടറിയുടെയും കെട്ടിട ഉടമകളുടെയും പേരില്‍ കേസെടുത്തു. അക്കാലത്ത് അത്യാവശ്യം പൊലിപ്പിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുകയും ചെയ്തു.

മൂന്ന് വര്‍ഷത്തെ കോടതി നടപടികള്‍ക്ക് ശേഷം കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 2015 നവംബര്‍ 20ന് കേസില്‍ തീര്‍പ്പ് കല്‍പിച്ചു. ദേശീയ പതാകയെ അപമാനിച്ചതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തത് കൊണ്ട് കസബ പോലിസ് പ്രതിചേര്‍ത്ത അഞ്ചു പേരെയും കുറ്റവിമുക്തമാക്കി. കേസില്‍ തീര്‍പ്പ് കല്‍പിച്ച് ആറ് വര്‍ഷത്തിന് ശേഷമാണ് കോടതിയില്‍ നിന്ന് ഇരു പതാകകളും തിരിച്ചുകിട്ടുന്നത്. പോപുലര്‍ ഫ്രണ്ട് നേതൃത്വവും പ്രവര്‍ത്തകരും പ്രതിചേര്‍ക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം, കുറ്റവിമുക്തരാക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കില്ലെന്നത് കൊണ്ടാണ് പൊതുജന അറിവിലേക്കായി ഇങ്ങനെയൊരു കുറിപ്പ് ഇടണമെന്ന് തോന്നിയത്. കോടതി തിരികെ നല്‍കിയ പതാകകള്‍ നിലവിലെ സംസ്ഥാന ഭാരവാഹികള്‍ക്ക് കൈമാറി. സ്വാതന്ത്ര്യ ചിന്തയുണര്‍ത്തുന്ന ദേശീയ പതാകയും സ്വാതന്ത്ര്യത്തിന് കാവലിരിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു മുന്നേറ്റത്തിന്റെ പതാകയും കൂടുതല്‍ തെളിച്ചതോടെ പുതിയ യൂണിറ്റി ഹൗസിന് അലങ്കാരമായി ഇരിക്കട്ടെ.

Full View

Tags:    

Similar News