ഉത്ര വധക്കേസ് വിധി സ്വാഗതാര്‍ഹം: നാഷണല്‍ വിമന്‍സ് ഫ്രണ്ട്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന സമാന പീഢന , കൊലപാതക കേസുകളിലും ഈ മാതൃകയില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കണം.

Update: 2021-10-13 12:47 GMT

കോഴിക്കോട്: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധിയെ നാഷണല്‍ വിമന്‍സ് ഫ്രണ്ട് സ്വാഗതം ചെയ്തു. സാക്ഷി പോലും ഇല്ലാത്ത ഈ കേസ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന് അര്‍ഹിക്കുന്ന ശിക്ഷതന്നെ വാങ്ങിക്കൊടുക്കാന്‍ പോലിസിനു കഴിഞ്ഞു എന്നുള്ളതും അഭിനന്ദനാര്‍ഹമാണെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ ആമിന വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

തുടക്കത്തില്‍ പാമ്പുകടിയേറ്റ മരണം എന്ന് ലോക്കല്‍ പോലിസ് എഴുതിത്തള്ളിയ കേസില്‍ ഉത്രയുടെ മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒരു രാഷ്ട്രീയ ഇടപെടല്‍ പോലും ഇല്ലാത്തതാണ് ഒരു വര്‍ഷം കൊണ്ട് ഈ കേസ് പൂര്‍ത്തിയാക്കാന്‍ പോലിസിന് സഹായകമായത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന സമാന പീഢന , കൊലപാതക കേസുകളിലും ഈ മാതൃകയില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കണം.

കേസുകള്‍ നീട്ടി വെക്കുന്നതും എഫ്‌ഐആര്‍ തയ്യാറാക്കുന്നതിലെ അപാകതയും ആണ് പല കേസിലും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നതെന്നും എ ആമിന ചൂണ്ടിക്കാട്ടി.

Tags:    

Similar News