കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന: അടിമുടി മാറ്റം; നിലവിലെ മന്ത്രിസഭയില്‍ നിന്ന് നാല് പേര്‍ മാത്രം -43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയോടെ മന്ത്രിസഭ അടിമുടി മാറും. നിലവിലെ മന്ത്രിസഭയില്‍ നിന്ന് നാല് പേര്‍ മാത്രമാണ് പുതിയ മന്ത്രിസഭയില്‍ ഇടം നേടുക. വിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി തുടങ്ങി ആറ് കേന്ദ്രമന്ത്രിമാര്‍ ഇതിനിടെ രാജിവച്ചു.
മന്ത്രി സഭാ പുനസ്സംഘടനയോടെ 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ നാല് പേര്‍ മുന്‍മുഖ്യമന്ത്രിരാണ്. 18 മുന്‍ സംസ്ഥാന മന്ത്രിമാരും 39 മുന്‍ എംഎല്‍എമാരും മന്ത്രിസഭയില്‍ ഇടം പിടിക്കുന്നവരില്‍ ഉള്‍പ്പെടും. മന്ത്രിസഭയില്‍ ഇടം പിടിക്കുന്ന 23 എംപിമാര്‍ പാര്‍ലമെന്റില്‍ മൂന്ന് തവണ പൂര്‍ത്തിയാക്കിയവരാണ്. മന്ത്രിസഭയില്‍ 11 വനിതകളും ഇടംനേടും. ഇതില്‍ രണ്ട് പേര്‍ക്ക് കാബിനറ്റ് റാങ്ക് ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 13 അഭിഭാഷകര്‍, 6 ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, 7 മുന്‍ സിവില്‍ സര്‍വെന്റ്‌സും മന്ത്രിസഭയില്‍ ഇടം നേടും.
പുനസ്സംഘടനയുടെ മുന്നോടിയായി എന്‍ഡിഎ നേതാക്കള്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് യോഗം നടക്കുന്നത്.
എന്‍ഡിഎയിലെ മുതിര്‍ന്ന മിക്കവാറും നേതാക്കള്‍ യോഗത്തിനെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, സര്‍ബാനന്ദ സൊനോവാള്‍, പുരുഷോത്തം രുപാല, നിസിത് പ്രമാണിക്, ജനതാദള്‍ സെക്കുലര്‍ നേതാവ് ആര്‍സിപി സിങ്, ലോക് ജനശക്തി നേതാവ് പുഷ്പവതി പരസ് തുടങ്ങിയവരാണ് എത്തിച്ചേര്‍ന്ന പ്രമുഖര്‍.
രണ്ടാം തവണ മോദി അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ പുനസ്സംഘടനയില്‍ പിന്നാക്ക, ദലിത് വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.