ഓസ്‌കര്‍ മരണ ചുംബനമോ?; റഹ്മാന് പിന്നാലെ ബോളിവുഡിലെ ദുരനുഭവം തുറന്നു പറഞ്ഞ് റസൂല്‍ പൂക്കുട്ടി

എ ആര്‍ റഹ്മാന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ശേഖര്‍ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് പൂക്കുട്ടിയുടെ ട്വീറ്റ്.

Update: 2020-07-27 11:24 GMT

ന്യൂഡല്‍ഹി: എ ആര്‍ റഹ്മാന് പിന്നാലെ ബോളിവുഡില്‍ നിന്ന് നേരിടേണ്ട വന്ന ദുരനുഭവം തുറന്നുപറഞ്ഞ് സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. എ ആര്‍ റഹ്മാന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ശേഖര്‍ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് പൂക്കുട്ടിയുടെ ട്വീറ്റ്.

സ്ലം ഡോഗ് മില്യണയറിലൂടെ ലഭിച്ച ഓസ്‌കാറിനു ശേഷം പലരും എന്നെ ജോലിക്കായി വിളിക്കാറില്ല. കടുത്ത മനോവേദനയുണ്ടാക്കിയ സമയമായിരുന്നു അത്. നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്തുനോക്കി പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകളുണ്ട്. എന്നാലും ഞാന്‍ ഈ ഇന്‍ഡസ്ട്രിയെ സ്‌നേഹിക്കുന്നു. റസൂല്‍ പൂക്കുട്ടി പറയുന്നു.

തനിക്ക് അവസരം നല്‍കാത്തതില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റസൂല്‍ പറയുന്നു.. ഹോളിവുഡിലെ ഏറ്റവും അഭിമാനകരമായ അവാര്‍ഡ് നേടുന്നവര്‍ കരിയറില്‍ താഴേക്ക് പോകും എന്ന അന്ധവിശ്വാസമായ 'കുപ്രസിദ്ധ ഓസ്‌കാര്‍ ശാപം' താനും നേരിടുന്നുവെന്നു വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ബോളിവുഡില്‍ ഒരുകൂട്ടം ആളുകള്‍ തന്നെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും ചില ഗ്യാങ്ങുകള്‍ തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം എ ആര്‍ റഹ്മാന്‍ മുന്നോട്ട് വന്നിരുന്നു.തനിക്ക് വരാറുള്ള സിനിമകളില്‍ ഭൂരിഭാഗവും വേണ്ടെന്ന് വെക്കാറില്ല. പക്ഷെ പണ്ടുള്ള പോലെയല്ല. ഇപ്പോള്‍ വളരെ കുറച്ച് ബോളിവുഡ് സംവിധായകര്‍ മാത്രമേ തന്നെ സമീപിക്കുന്നുള്ളു. ഇത് ചിലര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ മൂലമാണ്. മുമ്പത്തേക്കാളും ഇപ്പോള്‍ എന്തുകൊണ്ട് ഹിന്ദി ചിത്രങ്ങള്‍ കുറച്ച് ചെയ്യുന്നു എന്ന റേഡിയോ മിര്‍ച്ചി അവതാരകന്റെ ചോദ്യത്തിനായിരുന്നു റഹ്മാന്റെ ഈ മറുപടി.

റഹ്മാന്റെ പരാമര്‍ശം ഉടന്‍തന്നെ ചലചിത്രമേഖലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.സുശാന്ത് സിങ് രാജ് പുതിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം ലോബിയിങും നെപ്പോട്ടിസവുമൊക്കെ വാര്‍ത്തയാവുന്ന സമയവുമായപ്പോള്‍.

സുശാന്ത് സിങ് രാജ്പുതിന്റെ അവസാന സിനിമയായ ദില്‍ ബേച്ചാര എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛാബ്ര തന്നെ സമീപിച്ച അനുഭവവും റഹ്മാന്‍ അഭിമുഖത്തില്‍ പങ്കുവെക്കുകയുണ്ടായി. മുകേഷിന് രണ്ട് ദിവസം കൊണ്ട് നാല് പാട്ടുകള്‍ നല്‍കി. തന്നെ സമീപിക്കുന്നതില്‍ നിന്നും പലരും വിലക്കാന്‍ ശ്രമിച്ചെന്ന് ഛാബ്ര പറഞ്ഞുവെന്നായിരുന്നു റഹ്മാന്റെ വെളിപ്പെടുത്തല്‍.

റഹ്മാന്റെ വെളിപ്പെടുത്തലിനോട് ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ അടക്കമുള്ള നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തുകയും ചെയ്തു. റഹ്മാന്‍, നിങ്ങള്‍ക്ക് ഓസ്‌കര്‍ ലഭിച്ചു. ബോളിവുഡിന് കൈകാര്യം ചെയ്യാനാവുന്നതിലും അധികം പ്രതിഭയുള്ളവനാണ് നിങ്ങളെന്ന് തെളിഞ്ഞു. നിങ്ങള്‍ക്കറിയാമോ റഹ്മാന്‍, ഓസ്‌കാര്‍ നേടുക എന്നത് ബോളിവുഡിലെ മരണചുംബനമാണ്. എന്നായിരുന്നു ശേഖര്‍ കപൂറിന്റെ ട്വീറ്റ്. ഇതിനു മറുപടിയായാണ് തന്റെ അനുഭവക്കുറിപ്പുമായി റസൂല്‍ പൂക്കുട്ടി രംഗത്ത് വന്നത്.

സ്ലം ഡോഗ് മില്യണയര്‍ എന്ന ഡാനി ബോയ്ല്‍ ചിത്രത്തിലൂടെ ഓസ്‌കാര്‍ ജേതാക്കളായ റഹ്മാന്റേയും റസൂല്‍ പൂക്കുട്ടിയുടേയും അനുഭവസാക്ഷ്യങ്ങള്‍ ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചകളിലൊന്നായി മാറിയിരിക്കുകയാണ്.


Tags:    

Similar News