കടുവയുടെ ആക്രമണത്തില്‍ നിന്ന് ഇതര സംസ്ഥാന യുവതി രക്ഷപ്പെട്ടു
പാന്ദ്രയിലെ കേരള എസ്‌റ്റേറ്റ് എ ഡിവിഷനില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുവെട്ടുന്ന ജോലിക്കിടെയാണ് പുഷ്പലതക്കുനേരെ കടുവ ചാടിവീണത്
മലപ്പുറം: കടുവയുടെ ആക്രമണത്തില്‍ നിന്ന് ഇതര സംസ്ഥാന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയിലെ മലയോര മേഖലയായ കരുവാരക്കുണ്ടിനടുത്താണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിനി പുഷ്പലതക്കാണ് പരിക്കേറ്റത്. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്‌റ്റേറ്റില്‍ വച്ചാണ് യുവതി കടുവയുടെ ആക്രമണത്തിനിരയായത്.പാന്ദ്രയിലെ കേരള എസ്‌റ്റേറ്റ് എ ഡിവിഷനില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുവെട്ടുന്ന ജോലിക്കിടെയാണ് പുഷ്പലതക്കുനേരെ കടുവ ചാടിവീണത്.
യുവതിയുടെ ഭര്‍ത്താവും മറ്റൊരു തൊഴിലാളിയും കൂടെയുണ്ടായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് കാലിനു പരിക്കേറ്റ പുഷ്പലതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാരക്കുണ്ട് വനാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് മാസമായി കടുവ ഭീതി നിലനില്‍ക്കുന്നുണ്ട്. നിരവധി വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. മേഖലയില്‍ കെണി സ്ഥാപിച്ചെങ്കിലും കടുവയെ ഇനിയും പിടികൂടാനായിട്ടില്ല. സൈലന്റ് വാലിയുടെ ബഫര്‍ സോണ്‍ പ്രദേശത്തോട് ചേര്‍ന്ന വനമേഖലയിലാണ് വന്യമൃഗശല്ല്യം രൂക്ഷമായിരിക്കുന്നത്.