പാർട്ടിയെ നയിക്കുന്നത് ജനാധിപത്യം പറയുന്ന ഏകാധിപതി; ജില്ലാ സമ്മേളനങ്ങളിലെ വിമർശനം സിപിഐ സംസ്ഥാന കമ്മിറ്റിയിലും

ജനാധിപത്യം പറയുന്ന ഏകാധിപതിയാണ് പാർട്ടിയെ നായിക്കുന്നതെന്നായിരുന്നു വിമർശനം. മുൻ മന്ത്രി കൂടിയായ വി എസ് സുനിൽ കുമാറാണ് കടുത്ത ഭാഷയിൽ കാനത്തെ ആക്രമിച്ചത്.

Update: 2022-09-12 16:58 GMT

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെ സിപിഐ സംസ്ഥാന സമിതിയിലും കാനത്തിന് രൂക്ഷ വിമർശനം. പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിന് ചുവട് പിടിച്ചാണ് വിവിധ സംസ്ഥാന നേതാക്കൾ തന്നെ കാനത്തിനെതിരേ രം​ഗത്തുവന്നത്.

സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയ റിപോര്‍ട്ടും പ്രവര്‍ത്തന റിപോര്‍ട്ടും തയാറാക്കാന്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പ്രായപരിധി നിശ്ചയിക്കുന്നത് പാർട്ടി ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനം സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ത്തിയത്.

പ്രായപരിധിയുടെ പേര് പറഞ്ഞ് കഴിവുള്ള നിരവധി നേതാക്കളെ മാറ്റി നിർത്തിയത് പാർട്ടി ചട്ടങ്ങൾക്ക് എതിരാണെന്ന് വി ബി ബിനു വാദിച്ചു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കാനം രാജേന്ദ്രൻ തയാറായില്ലെന്ന് മാത്രമല്ല സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മൗനം പാലിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ തൃശൂരിൽ നിന്നുള്ള സംസ്ഥാന സമിതി അം​ഗം കാനത്തെ നിശിതമായി വിമർശിച്ച് രം​ഗത്തെത്തി. ജനാധിപത്യം പറയുന്ന ഏകാധിപതിയാണ് പാർട്ടിയെ നായിക്കുന്നതെന്നായിരുന്നു വിമർശനം. മുൻ മന്ത്രി കൂടിയായ വി എസ് സുനിൽ കുമാറാണ് കടുത്ത ഭാഷയിൽ കാനത്തെ ആക്രമിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി ഒരു പക്ഷത്തും നിലയുറപ്പിക്കാതിരുന്ന വി എസ് സുനിൽ കുമാർ കാനം വിരുദ്ധ ചേരിയിൽ നിലയുറപ്പിക്കുകയും ചെയ്തതായാണ് വിവരം.

തൃശൂരിൽ നിന്നുള്ള മറ്റൊരു പ്രതിനിധിയും നിശിതമായ വിർശനമാണ് ഉന്നയിച്ചത്. സിപിഐയെ കാനം രാജേന്ദ്രൻ സിപിഎമ്മിന് അടിയറവ് വച്ചെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കൂടിയായ കെ കെ വൽസരാജ് വിമർശിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നുള്ള സംസ്ഥാന സമിതി അം​ഗങ്ങൾ മാത്രമാണ് കാനത്തിനെതിരേ തിരിയാതെ മൗനം പാലിച്ചത്.

ഈ മാസം 30ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മായില്‍ പക്ഷം പ്രകാശ് ബാബുവിന് മൽസരിപ്പിക്കുമെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അങ്ങിനെയെങ്കിൽ മൂന്നാം തവണയും സെക്രട്ടറി സ്ഥാനം ലക്ഷ്യം വയ്ക്കുന്ന കാനം രാജേന്ദ്രന് മൂന്നിൽ രണ്ട് വോട്ടുകൾ ലഭിക്കില്ലെന്നാണ് ഒരു സംസ്ഥാന നേതാവ് പറയുന്നത്.

12 ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് ജില്ലകളിലും ഇസ്മായില്‍ പക്ഷത്തിന് മേൽക്കൈ നേടാൻ സാധിച്ചിട്ടുണ്ട്. ഇരുപക്ഷത്തോടും മമത പുലർത്താത്ത ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും ഇസ്മായിൽ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പ്രകാശ് ബാബു മൽസരിക്കുമെങ്കിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മൽസരത്തിൽ നിന്ന് പിൻമാറുമെന്ന് കാനം ​ഗ്രൂപ്പും തീരുമാനിച്ചിട്ടുണ്ട്. കാനത്തിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് ഔദ്യോഗിക പക്ഷത്തെ തോല്‍പ്പിച്ചതോടെയാണ് ഇസ്മായിൽ പക്ഷത്തിന് ഭൂരിഭാ​ഗം ജില്ലകളിലും സ്വാധീനം വർധിച്ചത്. 

Similar News