പ്രധാനമന്ത്രിയുടെ ഉത്തേജക പാക്കേജ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നില്ല: പോപുലര്‍ ഫ്രണ്ട്

സര്‍ക്കാരിന്റെ ഇഷ്ടക്കാരായ കുത്തകകള്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും മാത്രമുള്ള ഉത്തേജകം മാത്രമാണിത്. രാജ്യത്തിന്റെ സ്വത്തുക്കളിലും വിഭവങ്ങളിലും മുതലാളിത്ത പ്രമാണിമാര്‍ക്ക് പരിധികളില്ലാത്ത അവസരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.

Update: 2020-05-19 16:06 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം പ്രസ്താവിച്ചു. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ കുത്തകകള്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും മാത്രമുള്ള ഉത്തേജകം മാത്രമാണിത്. രാജ്യത്തിന്റെ സ്വത്തുക്കളിലും വിഭവങ്ങളിലും മുതലാളിത്ത പ്രമാണിമാര്‍ക്ക് പരിധികളില്ലാത്ത അവസരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ബിജെപിക്ക് പ്രിയപ്പെട്ട കുത്തക സ്ഥാപനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന വിധത്തില്‍ സ്വകാര്യവല്‍ക്കരണമെന്ന മറ്റൊരു ഒളിയജണ്ടയാണ് ലോക്ക് ഡൗണ്‍ പാക്കേജിന്റെ മറവില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

മുന്‍കാല പദ്ധതികളും പ്രഖ്യാപനങ്ങളും പുതിയ പാക്കേജാക്കി അവതരിപ്പിച്ച് രാജ്യത്തെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിവിധ സാമ്പത്തിക വിദഗ്ദര്‍ നടത്തിയ വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനം മൂലം ഒറ്റരാത്രിക്കൊണ്ട് പട്ടിണിയിലേക്കും ദുരിതക്കയത്തിലേക്കും എടുത്തെറിയപ്പെട്ട രാജ്യത്തെ തൊഴിലാളിവര്‍ഗം പ്രതീക്ഷയോടെ സര്‍ക്കാര്‍ ഇടപെടലില്‍ ഉറ്റുനോക്കുമ്പോള്‍, പൊള്ളയായ വാഗ്ദാനങ്ങളടങ്ങിയ മറ്റൊരു പാക്കേജാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയില്‍ നിന്നും പട്ടിണിയില്‍ നിന്നും കരകയറാന്‍ അവര്‍ക്ക് സഹായകമാകുന്ന യാതൊന്നും പാക്കേജില്‍ ഇല്ല. സ്വന്തം രാജ്യത്ത് അവര്‍ അഭയാര്‍ഥികളെ പോലെയായിരിക്കുകയാണ്. ചെറുകിട സംരഭങ്ങള്‍ക്കുള്ള വായ്പാ പദ്ധതികള്‍ അവരെ സഹായിക്കുന്നതിനു പകരം, കടക്കെണിയില്‍ അകപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ദുരന്തമുഖത്തുള്ള ഒരു ജനതയുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് അവരെ വഞ്ചിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

ചുരുക്കത്തില്‍, പ്രധാനമന്ത്രിയുടെ പാക്കേജ് ഇന്ത്യന്‍ ജനതയുടെ പുനരുജ്ജീവനവും നിലനില്‍പ്പും ഉദ്ദേശിച്ചുള്ളതല്ല. മറിച്ച് തങ്ങളുടെ ഇഷ്ടക്കാരായ ഒരു ചെറുവിഭാഗത്തിനു വേണ്ടിയുള്ള മുതലാളിത്ത പാക്കേജ് മാത്രമാണെന്നും യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 

Tags:    

Similar News