വ്യാജ മദ്യവില്‍പ്പന; കോഴിക്കോട് തുഷാര ബാര്‍ പൂട്ടിച്ചു- ബാറുകളിലും ഗോഡൗണിലും പരിശോധന
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐയുടെയും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് ബാറില്‍ പരിശോധന നടത്തിയത്
കോഴിക്കോട്: കോഴിക്കോട് തുഷാര ബാറില്‍ നിന്ന് 1000 ലിറ്ററിലധികം വ്യാജ മദ്യം പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്ന വ്യാപക പരിശോധന. ഇതേ തുടര്‍ന്ന് തുഷാര ബാര്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിച്ചു. വ്യാജമദ്യ വില്‍പ്പന നടക്കുന്നുണ്ടോ എന്നറിയാന്‍ കോഴിക്കോട് ജില്ലയിലെ ബാറുകളിലും ഗോഡൗണുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. പിടികൂടിയ വ്യാജ മദ്യം ഹാനികരമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐയുടെയും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് തുഷാര ബാറില്‍ പരിശോധന നടത്തിയത്.
ബാറിലെ മദ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഗോഡൗണിന് പകരം ലൈസന്‍സ് ഇല്ലാത്ത മറ്റൊരു ഗോഡൗണിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കോടഞ്ചേരി സ്വദേശിനിയായ റോസ്ലിന്‍ മാത്യു എന്നിവരുടെ പേരിലാണ് ബാറിന്റെ ലൈസന്‍സ്. എന്നാല്‍ ഇവര്‍ക്ക് വ്യാജ മദ്യവില്‍പ്പനയുമായി ബന്ധമില്ലെന്നും ബാറിലെ ജീവനക്കാരാണ് സംഭവത്തിന് പിന്നിലെന്നും എക്‌സൈസ് പറയുന്നു. ബാര്‍ മാനേജര്‍ സജിത്ത്, ജനറല്‍ മാനേജര്‍ ജെറി മാത്യു, ഓപ്പറേഷന്‍ മാനേജര്‍ സുരേന്ദ്രന്‍, എന്നിവരാണ് സംഭവത്തിലെ പ്രതികള്‍. ജെറി മാത്യവിനെ എക്‌സൈസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
വലിയ പ്ലാസ്റ്റിക് കന്നാസുകളിലും ചെറിയ കുപ്പികളിലുമാണ് മദ്യം സൂക്ഷിച്ച് വച്ചിരുന്നത്. വില കുറഞ്ഞ ജവാന്‍ പോലുള്ള ബ്രാന്റുകളുടെ കുപ്പിയിലാക്കിയാണ് ഇവ വിതരണം ചെയ്തിരുന്നത്. പാലക്കാട് സ്വദേശിയായ സജിത്താണ് വ്യാജ മദ്യം എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത്. പാലക്കാട്ടെ സുഹൃത്തുക്കള്‍ വഴിയാണ് വ്യാജമദ്യം നിര്‍മിക്കുന്ന സംഘത്തെ പരിചയപ്പെട്ടതെന്ന് ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. വിതരണം ചെയ്യാന്‍ എത്തിച്ചിരുന്നതില്‍ കുറച്ച് മദ്യം മാത്രമേ വിറ്റിരുന്നുള്ളു എന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ കൂടുതല്‍ വിറ്റിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് എക്‌സൈസ് അധികൃതര്‍ കരുതുന്നത്. വ്യാജമദ്യം കഴിച്ച് ബിഹാറില്‍ അമ്പതോളം പേര്‍ മരിക്കാനിടയായ സാഹചര്യം മുന്‍ നിര്‍ത്തിയാണ് റൈഡ്.