സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിച്ചില്ല
അലഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് 20 ദിവസം മുമ്പാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ആ ഉത്തരവും ജയിൽ സൂപ്രണ്ടിന്റെ കസ്റ്റഡി സർട്ടിഫിക്കറ്റും കിട്ടാൻ വൈകിയതാണ് കാരണമെന്നും അഡ്വ. ഹാരിസ് ബീരാൻ ബോധിപ്പിച്ചിരുന്നു.
ന്യൂഡൽഹി: ഹാഥ്റാസ് സംഭവം റിപോർട്ട് ചെയ്യാൻ പോകുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്ന ഉത്തരവ് നടപ്പാക്കാതെ ചീഫ് ജസ്റ്റിസ് എൻ വി രമണ പടിയിറങ്ങി.
ജാമ്യാപേക്ഷ സുപ്രിംകോടതിയിൽ എത്താൻ വൈകിയത് എന്തുകൊണ്ടാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന കാപ്പന്റെ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാന്റെ ആവശ്യം അംഗീകരിച്ച് വെള്ളിയാഴ്ച പരിഗണിക്കാൻ ഉത്തരവിറക്കിയിരിന്നു. എന്നാൽ വെള്ളിയാഴ്ച സുപ്രിംകോടതിയുടെ ഒരു ബെഞ്ചിലും കേസ് പട്ടികയിൽ കാപ്പന്റെ ജാമ്യാപേക്ഷ ഉൾപ്പെടുത്തിയില്ല.
അലഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് 20 ദിവസം മുമ്പാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ആ ഉത്തരവും ജയിൽ സൂപ്രണ്ടിന്റെ കസ്റ്റഡി സർട്ടിഫിക്കറ്റും കിട്ടാൻ വൈകിയതാണ് കാരണമെന്നും അഡ്വ. ഹാരിസ് ബീരാൻ ബോധിപ്പിച്ചിരുന്നു.
ഹാഥ്റസിലെ ബലാൽസംഗക്കൊല റിപോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകനെന്ന നിലയിൽ തന്റെ ഔദ്യോഗിക നിർവഹണത്തിന്റെ ഭാഗമായി പോകുകയായിരുന്നു സിദ്ദീഖ് കാപ്പനെന്ന് അഡ്വ. പല്ലവി പ്രതാപ് മുഖേന സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചിരുന്നു. വഴിമധ്യേ അറസ്റ്റ് ചെയ്ത് കെട്ടിമച്ച കുറ്റങ്ങൾ ചുമത്തിയതുമൂലം രണ്ടു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.