ട്രെയിനില്‍ കുടിവെള്ളത്തില്‍ ലഹരി കലക്കി കൊള്ളയടിച്ചതായി പരാതി
സ്വര്‍ണവും പണവും മൊബൈല്‍ ഫോണും മോഷണം പോയതായി പോലിസില്‍ പരാതി നല്‍കി
പത്തനംതിട്ട: ട്രെയിന്‍ യാത്രക്കാരായ ദമ്പതികളെ കുടിവെള്ളത്തില്‍ ലഹരി പദാര്‍ത്ഥം കലര്‍ത്തി ബോധം കെടുത്തി കൊള്ളയടിച്ചതായി പരാതി. പത്തനംതിട്ട വടക്കശ്ശേരി സ്വദേശികളായ പി ഡി രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് പരാതിക്കാര്‍. ഇവരുടെ ബാഗിലുണ്ടായിരുന്ന സ്വര്‍ണവും പണവും മൊബൈല്‍ ഫോണും മോഷണം പോയതായി റെയില്‍വേ പോലിസില്‍ നല്‍കിയ പരാതി പറയുന്നു.
തമിഴ്‌നാട്ടില്‍ സ്ഥിരതാമസക്കാരായ ഇവര്‍ നാട്ടില്‍ വന്നു കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസില്‍ തിരികെ മടങ്ങുമ്പോഴായിരുന്നു സംഭവം. ബെര്‍ത്തിന് സമീപം ഫ്‌ളാസ്‌കില്‍ വച്ചിരുന്ന വെള്ളം കുടിച്ച ഇവര്‍ക്ക് ബോധം നഷ്ടപെടുകയായിരുന്നു. വെള്ളത്തില്‍ ലഹരിമരുന്ന് കലര്‍ത്തിയാണ് മോഷണം നടത്തിയതെന്നാണ് സംശയം. നിലവില്‍ ഇരുവരും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.