രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക്; വന്‍നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍

Update: 2022-01-04 01:12 GMT

ന്യൂഡല്‍ഹി: രാജ്യം കൊവിഡിന്റെ മൂന്നാം തരംഗമാണ് നേരിടുന്നതെന്നും വന്‍നഗരങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്കും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണെന്നും റിപോര്‍ട്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണെന്ന് കൊവിഡ് വാക്‌സിന്‍ ടാസ്‌ക് ഫോഴ്്‌സ മേധാവി ഡോ. എന്‍ കെ അറോറയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ഡിസംബര്‍ ആദ്യവാരം തന്നെ ഞങ്ങള്‍ക്ക് ആദ്യത്തെ ഒമിക്രോണ്‍ കേസ് ലഭിച്ചു. നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണെന്ന് വ്യക്തമാവുമെന്നും അറോറ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഇതുവരെ 1,700 ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 510 പേര്‍ക്കാണ് ഇവിടെ ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്. തിങ്കളാഴ്ച ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡിന്റെ മൂന്നാമത്തെ തരംഗമാണ് ഇവിടെയുണ്ടായതെന്ന് അറോറ പറഞ്ഞു.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ച കൊവിഡ് സാംപിളുകളില്‍ 81 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ 4,099 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തതത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമാണ്. മെയ് മാസത്തിനു ശേഷം ഡല്‍ഹിയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്.

അതേസമയം, കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെതിരായ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. 15- 18 വയസ് പ്രായക്കാര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ അവര്‍ക്ക് സുരക്ഷിതമല്ലെന്ന ആശങ്കകള്‍ ശരിയല്ല. ഇത് തികച്ചും സുരക്ഷിതമാണ്. നോക്കൂ, തുടക്കത്തില്‍ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുമ്പോള്‍, മൊത്തത്തിലുള്ള സെല്‍ഫ് ലൈഫ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്ന ആ കാലഘട്ടത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. വിവിധ മൃഗപഠനങ്ങളിലൂടെ സെല്‍ഫ് ലൈഫ് വിലയിരുത്തിയിട്ടുണ്ട്. വാക്‌സിന്‍ ഫലപ്രദമാണെന്നും 12 മാസം വരെ സജീവമായ വീര്യം നിലനിര്‍ത്തുമെന്നും ഇത് വ്യക്തമായി കാണിക്കുന്നു- ഡോ.അറോറ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News