സര്‍ക്കാര്‍ ഓഫിസില്‍ റീല്‍സ്; ജീവനക്കാര്‍ക്കെതിരേ നടപടി തടഞ്ഞ് മന്ത്രി, അഭിനന്ദനം

Update: 2024-07-03 15:11 GMT

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫിസിനുള്ളില്‍ ആടിയും പാടിയും റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടി തടഞ്ഞ് മന്ത്രി എം ബി രാജേഷ്. ഞായറാഴ്ച ദിവസം ഉച്ചയൂണ്‍ സമയത്താണ് റീല്‍ ചിത്രീകരിച്ചതെന്ന് കാണിച്ച് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കിയ വിശദീകരണത്തിനു പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം. ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചതെന്നും ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

    തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള എട്ട് ജീവനക്കാര്‍ ചിത്രീകരിച്ച റീല്‍സാണ് സാമൂഹിക മാധ്യമങ്ങളില്‍ വിവാദമായത്. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി വിശദീകരണം തേടി. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ കര്‍ശന അച്ചട ഉണ്ടാവുമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. ജീവനക്കാര്‍ നല്‍കിയ വിശദീകരണത്തില്‍, ദുരന്തനിവാരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഞായറാഴ്ച ജോലിക്ക് എത്തിയതെന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍സ് എടുത്തതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെടുക്കരുതെന്ന് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കിയത്.

മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടുകയുണ്ടായി. ഇവരില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത് എന്ന് മനസ്സിലായി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷേ, ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസ്സം വരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫിസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.

തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു.


Full View


Tags:    

Similar News