ഗസയില്‍ വംശഹത്യ നിര്‍ത്താന്‍ ബൈഡന്‍ ഇടപെടണം: അമേരിക്കന്‍ ആക്ടിവിസ്റ്റുകള്‍

Update: 2023-12-29 10:24 GMT

വാഷിങ്ടണ്‍ ഡിസി: മൂന്നു മാസത്തോളമായി ഗസയില്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരമായ വംശഹത്യ അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അമേരിക്കന്‍ ആക്ടിവിസ്റ്റുകളുടെ ഓണ്‍ലൈന്‍ പരാതി. ഗസയില്‍ ഇസ്രായേല്‍ തുടരുന്ന അതിക്രമങ്ങള്‍ നിര്‍ത്തിവയ്പിക്കാന്‍ ബൈഡന്‍ തന്റെ അധികാരം ഉപയോഗിക്കണമെന്നാണ് പരാതിയില്‍ ഒപ്പുവച്ചവര്‍ ആവശ്യപ്പെടുന്നത്. ഇസ്രായേലിന് ആയുധവുമായി പോവുന്ന കപ്പലുകള്‍ക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തണമെന്നും ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടതായി റാമല്ല ആസ്ഥാനമായ വഫാ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ നിരപരാധികളുടെ ജീവന്‍ നഷ്ടമാവുന്നത് തടയാന്‍ പ്രസിഡന്റ് ബൈഡന്‍ ധാര്‍മിക ഉത്തരവാദിത്തത്തോടെ ആജ്ഞാശക്തി പ്രകടിപ്പിക്കണം. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ വിലപേശല്‍ വിദ്യയായി മനുഷ്യജീവന്‍ പന്താടരുത്. ഫലസ്തീനികളുടെ ജീവനും സുരക്ഷിതത്വവും വംശീയ ആശങ്ക മാത്രമായി കാണരുതെന്നും പരാതി അടിവരയിടുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിലും ഇസ്രായേലിന്റെ മനുഷ്യക്കുരുതിയില്‍ അമേരിക്കയുടെ നിലപാട് തിരുത്തുന്നതിലും ബൈഡന്റെ ഇടപെടലിന് ഏറെ പ്രാധാന്യമുണ്ട്. ഇതുവരെ 22,000 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആയുധ നിരോധവും അടിയന്തര യുദ്ധവിരാമവും ഉണ്ടാവുന്നില്ലെങ്കില്‍ ഇനിയും കൂടുതല്‍ ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നും പരാതി മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Similar News