താജ്മഹലില്‍ പൂജ നടത്താന്‍ ശ്രമം; സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സംഘടനയുടെ പ്രവിശ്യാ മേധാവി മീന ദിവാകര്‍, ജില്ലാ ചുമതലയുള്ള ജിതേന്ദ്ര കുശ്‌വാഹ, വിശാല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-03-12 13:11 GMT

ന്യൂഡല്‍ഹി: താജ്മഹലില്‍ പൂജ നടത്താന്‍ ശ്രമിച്ച സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൈതൃക സ്മാരകത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഭടന്‍മാര്‍ പിടികൂടി പോലിസിന് കൈമാറിയ ശേഷം സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി താജഗഞ്ച് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.

സംഘടനയുടെ പ്രവിശ്യാ മേധാവി മീന ദിവാകര്‍, ജില്ലാ ചുമതലയുള്ള ജിതേന്ദ്ര കുശ്‌വാഹ, വിശാല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. താജ്മഹലിന്റെ അങ്കണത്തില്‍ പ്രവേശിച്ച മൂവരും കുപ്പിയില്‍ കൊണ്ടുപോയ വെള്ളം സെന്‍ട്രല്‍ ടാങ്കിന് സമീപം വച്ച് സൂര്യന് സമര്‍പ്പിക്കുകയായിരുന്നു. മഹാ ശിവരാത്രി ദിനമായ വ്യാഴാഴ്ചയാണ് സംഭവം.

സംഘം അറസ്റ്റിലായതിനു പിന്നാലെ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

കുഷ്‌വാഹയെയും വിശാലിനെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അസുഖ ബാധിതയായ മീനയെ ചികില്‍സയ്ക്കായി എസ്എന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags:    

Similar News