കത്തിയാക്രമണം: ജര്‍മ്മനിയില്‍ മൂന്നു മരണം, അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ നിര്‍ബന്ധിത മാനസിക ചികിത്സയ്ക്ക് വിധേയനായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Update: 2021-06-27 05:58 GMT
ബെര്‍ലിന്‍: തെക്കന്‍ ജര്‍മ്മനിയില്‍ 24 കാരനായ സോമാലിയന്‍ കുടിയേറ്റക്കാരന്‍ നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ നിര്‍ബന്ധിത മാനസിക ചികിത്സയ്ക്ക് വിധേയനായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അക്രമിയെ തുടയില്‍ വെടിവച്ച് വീഴ്ത്തിയാണ് പോലിസ് കീഴടക്കിയത്. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് പോലിസ് പറഞ്ഞു.വുര്‍സ്ബര്‍ഗ് പട്ടണത്തിലാണ് സംഭവം.

മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, 'പ്രാദേശിക ആഭ്യന്തര മന്ത്രി ജോചിം ഹെര്‍മാന്‍ സംഭവസ്ഥലത്തെത്തിയ ശേഷം പറഞ്ഞു. ഗുരുതര പരിക്കേറ്റവര്‍ രക്ഷപ്പെടുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

2015 മുതല്‍ അക്രമി വുര്‍സ്ബര്‍ഗില്‍ താമസിച്ച് വരികയാണ്. ഇയാളുടെ ജീവന്‍ അപകടത്തിലല്ലെന്നും ആശുപത്രിയില്‍ വച്ച് പോലീസ് ചോദ്യം ചെയ്യുകയാണെന്നും ഹെര്‍മാന്‍ പറഞ്ഞു.

അക്രമാസ്വഭാവം കാണിച്ചതിനെതുടര്‍ന്ന് ഏതാനും മാസങ്ങളായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നുവെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ നിര്‍ബന്ധിത മാനസിക ചികിത്സയ്ക്ക് വിധേയനാക്കിയെന്നും ഹെര്‍മാന്‍ പറഞ്ഞു. മറ്റ് ആക്രമണകാരികളുണ്ടെന്നതിന് സൂചനകളൊന്നുമില്ലെന്നും ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു. അക്രമണത്തിനിടെ ഇയാള്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചുപറഞ്ഞതായി ഒരു സാക്ഷിയെ ഉദ്ധരിച്ച് ഹെര്‍മാന്‍ പറഞ്ഞു.




Tags:    

Similar News