ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം 'ആഴ്ചകള്‍ക്കകം' അവസാനിക്കും: യുഎസ്

മൂന്നു വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കം പുരോഗതിയുണ്ടായേക്കാമെന്ന് ഡേവിഡ് ഷെങ്കര്‍ പറഞ്ഞു. ഇരു വിഭാഗവും കടുംപിടിത്തം ഒഴിവാക്കിയതായി അദ്ദേഹം പറയുന്നു.

Update: 2020-09-12 19:40 GMT

ദോഹ: ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം 'ആഴ്ചകള്‍ക്കകം' അവസാനിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ പശ്ചിമേഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡേവിഡ് ഷെങ്കര്‍. മൂന്നു വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കം പുരോഗതിയുണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇരു വിഭാഗവും കടുംപിടിത്തം ഒഴിവാക്കിയതായി ഡേവിഡ് ഷെങ്കര്‍ പറയുന്നു.

വളരെ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഖത്തറും സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യവും തമ്മിലുള്ളത്. ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും സമവായ നീക്കം നടത്തുന്നുണ്ടെന്നും ഷെങ്കര്‍ കൂട്ടിച്ചേര്‍ത്തു.

വാഷിങ്ടണിലെ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡേവിഡ് ഷെങ്കര്‍. ഇരുവിഭാഗവും നിലപാട് മയപ്പെടുത്താന്‍ നേരത്തെ തയ്യാറായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല, മാറ്റം വന്നിട്ടുണ്ടെന്നും ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. അമേരിക്കക്ക് പുറമെ തുര്‍ക്കി സൈന്യത്തിനും ഖത്തറില്‍ താവളമുണ്ട്. സൗദി സഖ്യം ഉപരോധം പിന്‍വലിക്കാന്‍ മുന്നോട്ടുവച്ച ഉപാധികളിലൊന്ന് തുര്‍ക്കിയുടെ താവളം ഒഴിവാക്കണം എന്നായിരുന്നു.

'ഭീകരതയെ' പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് 2017ലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവ ഖത്തറിനെ ബഹിഷ്‌കരിക്കുകയും നയതന്ത്ര, ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തത്.

Tags:    

Similar News