തലശ്ശേരി ഇരട്ടക്കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍; മുഖ്യപ്രതിക്കായി തിരച്ചില്‍
കണ്ണൂര്‍: ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ തലശ്ശേരിയില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശ്ശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി പാറായി ബാബുവിനായി ഊര്‍ജിതമായ തിരച്ചിലാണ് നടക്കുന്നത്. കൊലപാതകം ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധ മൂലമെന്ന് പോലിസ് പറയുന്നു.
തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52), സഹോദരീ ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴി വീട്ടില്‍ ഷമീര്‍ (40) എന്നിവരാണു കൊല്ലപ്പെട്ടത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂര്‍ സാറാസ് വീട്ടില്‍ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി വില്‍പ്പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് ആക്രമിച്ചിരുന്നു.
പരിക്കേറ്റ ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേന എത്തിയ ലഹരി മാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. ഖാലിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ശരീരമാസകലം വെട്ടേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.