തൃക്കാക്കര പണക്കിഴി വിവാദം: വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം ചെയര്‍പേഴ്‌സന്റെ ഓഫിസ് സീല്‍ ചെയ്തു
ചെയര്‍പേഴ്‌സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് നടപടി. ഹാര്‍ഡ് ഡിസ്‌ക്, മോണിറ്റര്‍, സിപിയു തുടങ്ങിയ ഉപകരണങ്ങള്‍ തെളിവായി സംരക്ഷിക്കേണ്ടതിനാല്‍ വിജിലന്‍സിന്റെ അനുവാദമില്ലാതെ മുറി തുറക്കരുതെന്നാണ് നിര്‍ദേശം.
കൊച്ചി: പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ ഓഫിസ് വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം നഗരസഭ സെക്രട്ടറി സീല്‍ ചെയ്തു. സിസിടിവി തെളിവുകള്‍ സംരക്ഷിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യപ്രകാരമാണ് നടപടി.
ചെയര്‍പേഴ്‌സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് നടപടി. ഹാര്‍ഡ് ഡിസ്‌ക്, മോണിറ്റര്‍, സിപിയു തുടങ്ങിയ ഉപകരണങ്ങള്‍ തെളിവായി സംരക്ഷിക്കേണ്ടതിനാല്‍ വിജിലന്‍സിന്റെ അനുവാദമില്ലാതെ മുറി തുറക്കരുതെന്നാണ് നിര്‍ദേശം.
കൗണ്‍സിലര്‍മാര്‍ കവറുകളുമായി പോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ശേഖരിച്ച സിസിടിവി വിഡിയോകളില്‍ നിന്നും വിജിലന്‍സിന് ലഭിച്ചിരുന്നു. ഈ കവറുകളില്‍ പണമായിരുന്നോ എന്ന് ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. അതിനായാണ് മുറി സീല്‍ ചെയ്തിരിക്കുന്നത്.
പണക്കിഴി വിവാദത്തില്‍ അന്വേഷണത്തിനായി വിജിലന്‍ലസ് സംഘം കഴിഞ്ഞദിവസം നഗരസഭ ഓഫിസിലെത്തി ചെയര്‍പേഴ്‌സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ പോയത് മൂലം പരിശോധന മുടങ്ങിയിരുന്നു.വിജിലന്‍സ് സംഘം പുലര്‍ച്ചെ 3 വരെ നഗരസഭയില്‍ തുടര്‍ന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നല്‍കാന്‍ തയ്യാറാവാത്തതിനെതുടര്‍ന്നാണ് പരിശോധന മുടങ്ങിയത്. തുടര്‍ന്ന് പണക്കിഴി വിവാദത്തിലെ നിര്‍ണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന് വിജിലന്‍സ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടിസ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സെക്രട്ടറി നോട്ടിസ് പതിച്ചത്.
അതേസമയം, ഓഫിസ് പൂട്ടി ഒളിച്ചോടിയിട്ടില്ലെന്നും വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ തന്റെ സാന്നിധ്യത്തില്‍ മുറി തുറന്ന് നല്‍കുമെന്നും ചെയര്‍പേഴ്‌സന്‍ അജിത് തങ്കപ്പന്‍ വ്യക്തമാക്കി. എന്നാല്‍, ചെയര്‍പേഴ്‌സന്റെ മുറി സീല്‍ ചെയ്യാന്‍ നഗരസഭാ സെക്രട്ടറിക്ക് നിയമപരമായി അധികാരം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ വ്യക്തമാക്കി. നാളെ നഗരസഭയിലെ ഓഫിസില്‍ പോകും. അന്വേഷണവുമായി സഹകരിക്കുമെന്നും ഒളിച്ചോടിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇതിനിടെ പ്രശ്‌നം പരിശോധിക്കാന്‍ പിടി തോമസ് എംഎല്‍എ വിളിച്ച കൗണ്‍സിലര്‍മാരുടെ യോഗം മാറ്റിവെച്ചു.