ടി കെ ഹംസ രാജിക്ക്; മുഈനലി ശിഹാബ് തങ്ങളെ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനാക്കാന്‍ സിപിഎം നീക്കം
ഇകെ വിഭാഗം സമസ്തയുടെ പ്രധാന നേതാക്കളിലൊരാളായ മുഈനലി ശിഹാബ് തങ്ങള്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായാല്‍ അത് രാഷ്ട്രീയമായി നേട്ടമാവുമെന്നും സിപിഎം വിലയിരുത്തുന്നുണ്ട്.
കോഴിക്കോട്: വഖ്ഫ് മന്ത്രി വി അബ്ദുര്‍ റഹ്മാനുമായി കുറച്ചുകാലമായി ഇടഞ്ഞുനില്‍ക്കുന്ന സിപിഎം നേതാവ് ടി കെ ഹംസ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്നു. നാളെ ചേരുന്ന സംസ്ഥാന വഖ്ഫ് ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് സൂചന. അതേസമയം, പകരക്കാരനായി മുസ് ലിം ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന സമസ്ത നേതാവ് മുഈനലി ശിഹാബ് തങ്ങളെ തദ്സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം നടക്കുന്നതായാണ് വിവരം. ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ഒന്നര വര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് ടി കെ ഹംസ രാജിക്കൊരുങ്ങുന്നത്. വഖ്ഫ് ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി വി അബ്ദുര്‍ റഹ്മാനുമായി ഭിന്നതകള്‍ ഹംസക്ക് ഉണ്ടായിരുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗത്തില്‍നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്നതിന്റെ മിനുട്ട്‌സ് രേഖകളും പുറത്ത് വന്നിരുന്നു. വിഷയത്തില്‍ സിപിഎം നേതൃതം ടി കെ ഹംസയെ കൈവിടുകയും മന്ത്രിക്കൊപ്പം നില്‍ക്കുകയും ചെയ്തതോടെയാണ് ഹംസ രാജിക്കൊരുങ്ങുന്നതെന്നാണ് സൂചന. എന്നാല്‍, മന്ത്രിയുമായി യാതൊരു ഭിന്നതയുമില്ലെന്നും ആരോഗ്യ പ്രശ്‌നം കാരണമാണ് രാജിവയ്ക്കുന്നതെന്നുമാണ് ടി കെ ഹംസ പറയുന്നത്. പദവിയില്‍ തുടരാന്‍ 80 വയസ്സാണ് സിപിഎം നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ 86 വയസ്സുള്ള താന്‍ പദവിയില്‍ നിന്നു രാജിവയ്ക്കുകയാണെന്നാണ് ഹംസയുടെ വാദം. ഉചിതമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നുവെന്നുമാണ് ഹംസ അറിയിച്ചിരു.
അതേസമയം, ടി കെ ഹംസയുടെ രാജിയോടെ ഒഴിവുവരുന്ന പദവിയിലേക്ക് മുസ് ലിം ലീഗ് മുന്‍ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ കൂടിയായ മുഈനലി ശിഹാബ് തങ്ങളെ കൊണ്ടുവരാനായാല്‍ വലിയ നേട്ടമാവുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. കുറച്ചുകാലങ്ങളായി സിപിഎമ്മുമായി അടുക്കുന്ന സമസ്തയെ ഇതുവഴി കൂടുതല്‍ അടുപ്പിക്കാനാവുമെന്നും കണക്കുകൂട്ടുന്നുണ്ട്. മുഈനലി ശിഹാബ് തങ്ങളാവട്ടെ പല വിഷയങ്ങളിലും ലീഗ് നേതൃത്വവുമായി ഉടക്കുകയും പരസ്യപ്രതികരണത്തിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തയാളാണ്. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതോടെ മുഈനലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു. ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ മുഈനലിയെ അസഭ്യം പറഞ്ഞത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. മാത്രമല്ല, കുഞ്ഞാലിക്കുട്ടിക്കെതിരേ രംഗത്തെത്തിയതിന് ഈയിടെ ലീഗില്‍ നിന്ന് പുറത്താക്കിയ കെ എസ് ഹംസയോടൊപ്പം ചേര്‍ന്ന് വിമത കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഇകെ വിഭാഗം സമസ്തയുടെ പ്രധാന നേതാക്കളിലൊരാളായ മുഈനലി ശിഹാബ് തങ്ങള്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായാല്‍ അത് രാഷ്ട്രീയമായി നേട്ടമാവുമെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. സമസ്തയ്ക്ക് പദവി നല്‍കുമ്പോള്‍ എതിര്‍ക്കാനാവാതെ ലീഗിനെ പ്രതിരോധത്തിലാക്കാനാവും. സമസ്ത അംഗീകരിക്കുകയാണെങ്കില്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് തന്നെ ഒരാളെ സിപിഎം സര്‍ക്കാരിന്റെ ഭാഗമാക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ, സമസ്തയിലും മുസ് ലിം ലീഗിലും യുഡിഎഫിനോടും കോണ്‍ഗ്രസിനോടും വൈമനസ്യം കാട്ടുന്ന പക്ഷത്തെ കൂടെനിര്‍ത്താനാവുമെന്നും അത് മലബാറിലെ വോട്ട് ബാങ്കില്‍ വന്‍ നേട്ടമാവുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍, മുഈനലി ശിഹാബ് തങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പദവി നല്‍കുന്നതിനെ സ്വീകരിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച് സമസ്തയില്‍ തീരുമാനമായില്ലെന്നാണ് വിവരം. സാധാരണയായി ഇടതുപക്ഷം കേരളത്തില്‍ ഭരിക്കുമ്പോള്‍ അവരുമായി അടുത്തുനില്‍ക്കുന്ന കാന്തപുരം വിഭാഗം സുന്നികള്‍ക്കാണ് വഖ്ഫ് ബോര്‍ഡിലെ സ്ഥാനങ്ങള്‍ നല്‍കിയിരുന്നത്. ഇത്തവണ, ഇകെ വിഭാഗം സമസ്തയ്ക്ക് പദവി നല്‍കുക വഴി സിപിഎം ലക്ഷ്യമിടുന്നത് ലീഗ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുക തന്നെയാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.