ടോം വടക്കന്റെ നിലപാടുകള്‍ തിരിഞ്ഞുകൊത്തുന്നു
നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കുറ്റകൃത്യങ്ങളെല്ലാം ശുദ്ധീകരിക്കപ്പെടും
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്റെ മുന്‍ നിലപാടുകള്‍ തിരിഞ്ഞുകൊത്തുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലുമെല്ലാം ബിജെപിക്കും നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരേ ആഞ്ഞടിച്ചിരുന്ന മുന്‍ കോണ്‍ഗ്രസ് വക്താവ് കൂടിയായ ടോം വടക്കന്‍ ഈയടുത്ത കാലത്ത് വരെ ബിജെപിയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തിരിച്ചടിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് വരെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കോണ്‍ഗ്രസിനെയും രാഹുലിനെയും പ്രതിരോധിച്ച ടോം വടക്കന്‍, 2019 ഫെബ്രുവരി മൂന്നിന് വൈകീട്ട് 6.49ന് ട്വിറ്ററില്‍ കുറിച്ച വാചകങ്ങള്‍ കാണാം. നിങ്ങള്‍ ഒരിക്കല്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും ശുദ്ധീകരിക്കപ്പെടും എന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് ഉള്‍പ്പെടെ പലയിടത്തും ഇതര പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ ചേക്കേറുന്നതിനെതിരേയാണ് ടോം വടക്കന്‍ പരിഹസിച്ചത്. പലയിടത്തും ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നതിനാലാണ് ഇത്തരം പരാമര്‍ശം നടത്തിയത്. എന്നാല്‍, കൃത്യം 39 ദിവസം മുമ്പ് ടോം തന്റെ കുറിച്ച വാക്കുകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ട്വിറ്ററിലുണ്ട്. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം മോദിക്കും അമിത് ഷായ്ക്കും നന്ദി പറയുകയും തീരുമാനം വ്യക്തിപരമല്ലെന്നും പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണെന്നും പറയുന്ന അദ്ദേഹം, ക്രിമിനലുകളെയാണ് ബെജെപി സ്വീകരിക്കുന്നതെന്നാണു പറഞ്ഞുവച്ചത്. എന്നാല്‍, ട്വീറ്റ് പോലും മായ്ക്കപ്പെടുന്നതിനു മുമ്പ് തന്നെ അതേ ടോം വടക്കന്‍ ബിജെപിയിലെത്തിയതിനെ ട്രോളുകള്‍ കൊണ്ട് മൂടുമെന്നതില്‍ സംശയമില്ല. പാര്‍ലിമെന്റ് അംഗത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ടതെന്ന ആരോപണം ശരിവയ്ക്കുന്നതാണ്, അദ്ദേഹം കേരളത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമെന്ന സൂചനകളിലൂടെ പുറത്തുവരുന്നത്.