ഉന്നത സിപിഎം നേതാവ് രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍: സമഗ്രാന്വേഷണം വേണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2023-06-27 13:14 GMT

തിരുവനന്തപുരം: കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവതരമാണെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. നിലവില്‍ സംസ്ഥാനത്തെ ഇടതു മന്ത്രിസഭയിലെ അംഗം സഞ്ചരിച്ച കാറിലാണ് ഈ തുക കൊണ്ടുപോയത് എന്നാണ് ശശിധരന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചി കലൂരിലെ തന്റെ ഓഫിസിലെ മുറിയില്‍ വച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചുവെന്നും വന്‍തോക്കുകളില്‍ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയതെന്നുമുള്ള വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. എറണാകുളം ജില്ലയിലെ മറ്റൊരു വ്യവസായി സിപിഎം നേതാക്കള്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിലനില്‍ക്കുകയാണ്. കോടികളുടെ അനധികൃത ഇടപാട് നടന്നെന്ന വെളിപ്പെടുത്തലില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന പതിവ് പല്ലവി ഇത്തവണ ആവര്‍ത്തിക്കരുത്. ഉയര്‍ന്ന ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വ്യാജ സര്‍ട്ടിഫിക്കറ്റുകളും ആള്‍മാറാട്ടവും നടത്തിയ സംഭവത്തില്‍ സിപിഎമ്മും പോഷക സംഘടനകളും പ്രതിക്കൂട്ടിലാണ്. ഭരണ തണലില്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടും നിര്‍ബാധം തുടരുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. അതാവട്ടെ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍ പത്രാധിപ സമിതിയംഗം തന്നെയാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.


Tags:    

Similar News