തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡനത്തിനിരയാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ഖജാഞ്ചി മഞ്ജുഷ മാവിലാടം. ആശുപത്രി അധികൃതരുടെ കടുത്ത സുരക്ഷാ വീഴ്ചയെക്കുറിച്ച് സമഗ്രാനേഷ്വണം നടത്തണം. മനുഷ്യത്വം മരവിച്ച കൊടുംകുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. സ്ത്രീ രോഗികള്‍ക്ക് ആശുപത്രികളില്‍ വച്ച് ഇത്തരത്തില്‍ നിരന്തരമായി ഉണ്ടാവുന്ന അപമാനങ്ങള്‍ക്ക് അറുതിവരേണ്ടതുണ്ട്. അതിനായി സ്ത്രീകളുടെ ഐസിയുവികളിലും വനിതാ വാര്‍ഡുകളിലും സ്ത്രീകളായ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് പരിഷ്‌കൃത സമൂഹത്തില്‍ അനിവാര്യമാണ്. മനുഷ്യജീവന് സംരക്ഷണം ലഭിക്കേണ്ട ഐസിയുവില്‍ പോലും സ്ത്രീകള്‍ പീഡനത്തിനിരയാക്കപ്പെടുന്നത് ഏറെ ഗൗരവതരമാണ്. നവോത്ഥാന വായ്ത്താരി പാടുന്ന കേരളത്തില്‍ സ്ത്രീകള്‍ ആശുപത്രിയില്‍ മാത്രമല്ല പൊതു ഇടങ്ങളിലും സുരക്ഷിതരല്ല എന്ന വാര്‍ത്തകളാണ് അനുദിനം കേള്‍ക്കുന്നത്. സ്ത്രീ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറണമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പഴുതടച്ച നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.