ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കവിളില്‍ തൊടുന്നത് കുറ്റമല്ല; 28കാരനായ പോക്‌സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി കോടതി

പോക്‌സോ നിയമം അനുസരിച്ച് ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

Update: 2021-02-05 12:56 GMT

മുംബൈ: ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റകൃത്യമായി കാണാനാവില്ലെന്ന് വ്യക്തമാക്കി മുംബൈയിലെ പോക്‌സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ 28കാരനെ വെറുതെ വിട്ടുകൊണ്ടാണ് കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. പോക്‌സോ നിയമം അനുസരിച്ച് ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

അതേസമയം കുട്ടിയുടെ അമ്മയ്ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഇലക്ട്രീഷനായ പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. 2017ലാണ് കേസിനാസ്പദമായ സംഭവം. ഫ്രിജ് നന്നാക്കാന്‍ വീട്ടില്‍ വന്ന 28കാരന്‍ മോശമായി പെരുമാറി എന്നതാണ് കേസ്. വീട്ടില്‍ ആ സമയത്ത് 33കാരിയും അഞ്ചു വയസുകാരിയും മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ഫ്രിജിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനിടെ, അഞ്ചുവയസുകാരിയുടെ കവിളില്‍ യുവാവ് തൊട്ടു. ഇതിനെ എതിര്‍ത്ത അമ്മ, ജോലിയില്‍ ശ്രദ്ധിക്കാന്‍ യുവാവിനോട് ശകാരിച്ചു. തുടര്‍ന്ന് യുവതി അടുക്കളയിലേക്ക് പോയി.

തുടര്‍ന്ന് അടുക്കളയിലേക്ക് അതിക്രമിച്ച് കടന്ന ഇലക്ട്രീഷന്‍ തന്നെ പിന്നില്‍ നിന്ന് കടന്നുപിടിച്ചതായി 33കാരിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ശരീരത്തോട് യുവാവ് തന്നെ ചേര്‍ത്തുപിടിച്ചു. ഇതിനെതിരേ പ്രതിഷേധിച്ചപ്പോള്‍, കുട്ടിയുടെ കവിളില്‍ വീണ്ടും തൊട്ടു. പോകാന്‍ കൂട്ടാക്കാതെ യുവാവ് അവിടെ തന്നെ നിലയുറപ്പിച്ചതോടെ, ഉടന്‍ തന്നെ ഇലക്ട്രീഷന്റെ സൂപ്പര്‍വൈസറെയും ബന്ധുക്കളെയും വിവരം അറിയിച്ചു. ഉടന്‍ പോലിസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ വെറുതെ വിട്ടെങ്കിലും 33കാരിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തില്‍ 28കാരന് ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. 10000 രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു.





Tags:    

Similar News